പാർലമെന്റ് സമ്മേളനം: നാളെ സർവകക്ഷി യോഗം
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി നാളെ സർവകക്ഷി യോഗം ചേരും.
ഇരുസഭകളിലെയും രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പാർലമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. 21ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനം ഓഗസ്റ്റ് 21 ന് അവസാനിക്കും.
ആകെ 21 സിറ്റിംഗുകളായിരിക്കും ഈ സമ്മേളനത്തിൽ ഉണ്ടാകുക. സാധാരണ ഒരു മാസം മുന്‍പ് പാർലമെന്റ് സമ്മേളനത്തിനു സമയക്രമം പ്രഖ്യാപിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ പതിവിലും നേരത്തേ സമയക്രമം പ്രഖ്യാപിക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം മറികടക്കുന്നതിനാണ് സമയക്രമം നേരത്തേ പ്രഖ്യാപിച്ചതെന്നാണ് ആരോപണം. രക്ഷാബന്ധൻ, സ്വാതന്ത്ര്യദിനം എന്നിവ കണക്കിലെടുത്ത് ഓഗസ്റ്റ് 12 മുതൽ 18 വരെ പാർലമെന്റിന് അവധിയായിരിക്കും.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, കേന്ദ്രസർക്കാരിന്റെ വിദേശകാര്യ നയം തുടങ്ങിയ വിഷയങ്ങൾ ചർച്ചാവിഷയമാക്കുമെന്ന് പ്രതിപക്ഷം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ തീവ്രപരിശോധന ഏർപ്പാടാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേയും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തും.