പ്രധാനമന്ത്രിയുടെ യുകെ, മാലദ്വീപ് സന്ദർശനം 23 മുതൽ
Sunday, July 20, 2025 2:33 AM IST
ന്യൂഡൽഹി: ദ്വിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക്. ഈ മാസം 23 മുതൽ 26 വരെയുള്ള വിദേശസന്ദർശന കാലയളവിൽ യുകെ, മാലദ്വീപ് രാജ്യങ്ങളാണു പ്രധാനമന്ത്രി സന്ദർശിക്കുക. യുകെയുമായുള്ള വ്യാപാരബന്ധത്തിൽ നിർണായക നാഴികക്കല്ലാകുന്ന സ്വതന്ത്ര വ്യാപാരക്കരാറിൽ (എഫ്ടിഎ) മോദിയുടെ സന്ദർശനവേളയിൽ ഒപ്പിടുമെന്നാണ് സൂചന.
ഇന്ത്യയും യുകെയും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2030ഓടെ 12000 കോടി ഡോളറിലെത്തിക്കാൻ ലക്ഷ്യമിടുന്ന സ്വതന്ത്ര വ്യാപാര കരാറിൽ മൂന്നു വർഷത്തിലേറെ നടത്തിയിട്ടുള്ള ചർച്ചകൾക്കുശേഷമാണ് ഇരുരാജ്യങ്ങൾക്കും അന്തിമധാരണയിലെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ കരാറിൽ ഒപ്പിട്ടശേഷം ബ്രിട്ടീഷ് പാർലമെന്റും കേന്ദ്രമന്ത്രിസഭയും അംഗീകാരം നല്കുന്നതോടെ മാത്രമായിരിക്കും കരാർ പ്രാബല്യത്തിൽ വരിക. ഒപ്പിട്ടതിനുശേഷം കരാർ പൂർണമായും നടപ്പിലായിത്തുടങ്ങുന്നതിന് ഒരു വർഷമെങ്കിലും സമയമെടുത്തേക്കാം.
ഇന്ത്യൻ ചരക്കുകളുടെ തീരുവ കുറച്ചുള്ള കരാർ യുകെയിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉത്പന്നങ്ങളെയും സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കെത്തുന്ന വിസ്കികളുടെയും കാറുകളുടെയും തീരുവയിൽ ഇളവെന്നതാണു കരാർപ്രകാരം യുകെയ്ക്കുണ്ടാകുന്ന നേട്ടം. തീവ്ര ചൈന അനുകൂല നിലപാടുകളാലും തെരഞ്ഞെടുപ്പ് കാലയളവിലെ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളാലും ഇന്ത്യയിൽനിന്ന് അകന്ന മാലദ്വീപിൽ പുതിയ ഭരണകൂടം അധികാരമേറ്റതിനുശേഷം ആദ്യമായാണു മോദി സന്ദർശനം നടത്തുന്നത്.
ദ്വീപുരാഷ്ട്രത്തിന്റെ 60-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ മുഖ്യാതിഥിയായാണ് മോദിയെത്തുക. മാലദ്വീപുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനും സഹകരണം ശക്തമാക്കാനും 25, 26 തീയതികളിലെ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കും. 2023ൽ മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റതിനു ശേഷം ഇന്ത്യക്കെതിരേ അവിടുത്തെ മന്ത്രിമാർ നടത്തിയിട്ടുള്ള പ്രസ്താവനകളും മുയിസുവിന്റെ ചൈന അനുകൂല നിലപാടും ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന ദ്വീപുരാഷ്ട്രവുമായുള്ള ബന്ധം വഷളാകുന്നതിലേക്ക് നയിച്ചിരുന്നു. ടൂറിസം മുഖ്യവരുമാനമാർഗമായ ഈ രാജ്യത്തെ ഇന്ത്യൻ സഞ്ചാരികൾ ബഹിഷ്കരിച്ചതോടെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്.
എന്നാൽ പിന്നീട് നിലപാടുകളിൽ അയവു വരുത്തിയ മാലദ്വീപ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തിത്തുടങ്ങുകയും മുയിസു കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യദിനത്തിൽ മോദിയെ മുഖ്യാതിഥിയാക്കിയുള്ള ക്ഷണവും.