ജസ്റ്റീസ് വർമയ്ക്കെതിരേ പ്രമേയം പാസാക്കുന്നതിൽ രാഷ്ട്രീയമില്ലെന്ന് മന്ത്രി കിരണ്‍ റിജിജു
Sunday, July 20, 2025 2:33 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സുപ്രീംകോടതിയിലെയോ ഹൈക്കോടതികളിലെയോ ജഡ്ജിയെ നീക്കം ചെയ്യാനുള്ള ഭരണഘടനാപരമായ അധികാരം പാർലമെന്റിനുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ. എങ്കിലും ജഡ്ജിയെ നീക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നതിൽ സർക്കാരിനു പങ്കില്ലെന്നും അത്തരമൊരു നീക്കത്തിന് എംപിമാർ നേതൃത്വം നൽകണമെന്നും മേഘ്വാൾ പറഞ്ഞു.
തനിക്കെതിരേയുള്ള സുപ്രീംകോടതിയുടെ അന്വേഷണറിപ്പോർട്ട് ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതി ജഡ്ജി വർമ സുപ്രീംകോടതിയിൽ നൽകിയ ഹർജിക്ക് സർക്കാരുമായി ബന്ധമില്ലെന്നും നിയമമന്ത്രി വിശദീകരിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രധാന പാർട്ടികളെല്ലാം ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയതോടെ അദ്ദേഹത്തെ പുറത്താക്കാനുള്ള സാധ്യതയേറി.
യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ പരിഗണിക്കുമെന്നും പ്രമേയം പാസാക്കുന്നതിനായി ഭരണപക്ഷത്തിനു പുറമെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയുണ്ടെന്നും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 500 രൂപയുടെ കറൻസി നോട്ടുകൾക്ക് തീപിടിച്ചതിനെത്തുടർന്നാണു സംഭവം പുറത്തായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന രൂപീകരിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൽ വർമ കുറ്റക്കാരനാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സമിതിയുടെ 25 പേജുള്ള റിപ്പോർട്ട് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കഴിഞ്ഞ മാർച്ച് 14ന് വർമയുടെ വസതിയിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ പാതി കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തിയതായി സമിതി കണ്ടെത്തിയിരുന്നു.
പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കുന്നതിനുമുന്പേ വർമ രാജിവച്ചേക്കുമെന്നാണു സൂചന. സ്വയം രാജിവച്ചില്ലെങ്കിൽ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ ജഡ്ജിയാകും വർമ. യശ്വന്ത് വർമയെ പുറത്താക്കണമെന്ന പ്രമേയത്തിന് ആവശ്യമായ 100 ലോക്സഭാ എംപിമാരുടെ ഒപ്പുകൾ വേഗത്തിൽ ലഭിക്കും.
പ്രമേയം പാസാക്കാൻ ഏതാണ്ടെല്ലാ എംപിമാരുടെയും പിന്തുണ സർക്കാരിനു ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുഴുവൻ എംപിമാരും ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്തെന്നും മന്ത്രി റിജിജു പറഞ്ഞു. ഒറ്റ എംപിയുള്ള പാർട്ടികളുടെ നേതാക്കളുമായും സംസാരിക്കും. പ്രമേയം പാസാക്കുന്നതിൽ രാഷ്ട്രീയമില്ല. പാർലമെന്റ് ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നാണ് ആഗ്രഹമെന്നും റിജിജു വിശദീകരിച്ചു.