വദ്രയെ ബിജെപി പത്തു വർഷമായി വേട്ടയാടുന്നുവെന്ന് രാഹുൽ
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം നേരിടുന്ന വ്യവസായപ്രമുഖനും പ്രിയങ്ക ഗാന്ധി എംപിയുടെ ഭർത്താവുമായ റോബർട്ട് വദ്രയ്ക്ക് പിന്തുണയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ സഹോദരീഭർത്താവുകൂടിയായ വദ്രയെ ബിജെപി സർക്കാർ കഴിഞ്ഞ പത്തു വർഷമായി വേട്ടയാടുകയാണെന്ന് രാഹുൽ എക്സിൽ കുറിച്ചു.
“വദ്രയും പ്രിയങ്കയും മക്കളും മറ്റൊരു രാഷ്ട്രീയപ്രേരിതമായ അപകീർത്തിയും പീഡനവും നേരിടുന്പോൾ ഞാനവരോടൊപ്പം നിലകൊള്ളുന്നു. അവർ ഏതു തരത്തിലുള്ള വേട്ടയാടലും നേരിടാൻ ധീരതയുള്ളവരാണ്. ഇനിയും അവർ അഭിമാനത്തോടെതന്നെ ഇത്തരം ആക്രമണങ്ങളെ നേരിടും. സത്യം ഒടുവിൽ ജയിക്കും”-രാഹുൽ പറഞ്ഞു.
ഹരിയാനയിലെ ഭൂമി ഇടപാട് കേസിൽ വദ്രയ്ക്കെതിരേ ഇഡി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് രാഹുൽ അദ്ദേഹത്തിനു പിന്തുണയുമായി രംഗത്തു വന്നത്. അതേസമയം, രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്തെത്തി.
പ്രസ്താവനയിലൂടെ തന്റെ സഹോദരീഭർത്താവിന്റെ ഇരുണ്ട ചെയ്തികളെക്കുറിച്ച് അദ്ദേഹം പൂർണ ബോധവാനാണെന്നു വ്യക്തമായെന്ന് ബിജെപി ദേശീയ വക്താവ് തുഹിൻ സിംഹ ആരോപിച്ചു.