ഡിജിസിഎയിൽ പകുതിയോളം സാങ്കേതിക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
Monday, July 21, 2025 1:40 AM IST
ന്യൂഡൽഹി: രാജ്യത്തെ വ്യോമഗതാഗത മേഖലയുടെ സുരക്ഷ, വിമാനത്താവളങ്ങളുടെ സർട്ടിഫിക്കേഷനുകൾ തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്ന വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) സാങ്കേതികതസ്തികകളുടെ 50 ശതമാനവും ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്.
260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിനുശേഷം ഇന്ത്യൻ വ്യോമമേഖല കടുത്ത വിമർശനം നേരിടുന്പോഴാണ് ഡിജിസിഎയിൽ അത്യാവശ്യ സാങ്കേതിക തസ്തികളിൽ ജീവനക്കാരില്ലെന്ന റിപ്പോർട്ടു കൂടി പുറത്തുവരുന്നത്. സാങ്കേതിക കാര്യങ്ങൾ നിർവഹിക്കാൻ 1063 ഉദ്യോഗസ്ഥരുടെ തസ്തികയുള്ളിടത് 553 പേര് മാത്രമാണ് ഡിജിസിഎയ്ക്കുള്ളത്.
വിമാനങ്ങളുടെ സുരക്ഷാമേൽനോട്ടം വഹിക്കേണ്ട ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്പെക്ടർമാർ, വിമാനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്ന എയർവർത്തിനസ് ഓഫീസർമാർ, എയർ സേഫ്റ്റി ഓഫീസർമാർ, സാങ്കേതിക മേൽനോട്ടം വഹിക്കുന്ന എയ്റോനോട്ടിക്കൽ എൻജിനിയർമാർ തുടങ്ങിയ തസ്തികകളിലാണ് കുറവുള്ളത്. ജീവനക്കാരുടെ കുറവ് സുരക്ഷയെ മാത്രമല്ല, രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജൻസിയുടെ കാര്യക്ഷമതയും ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് മഹാമാരിക്കുശേഷം അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ഏറ്റവും വേഗത്തിൽ വളരുന്ന മൂന്നാമത്തെ വ്യോമഗതാഗത മേഖലയാണ് ഇന്ത്യയുടേത്. എന്നാൽ ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താൻ കഴിയാത്തത് മേഖലയുടെ സുരക്ഷാ ഓഡിറ്റുകൾ കൃത്യമായി നടത്തുന്നതിനും മറ്റു സാങ്കേതിക കാര്യങ്ങൾ നിർവഹിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും തടസമാകുമെന്നാണു കണ്ടെത്തൽ.
അഹമ്മദാബാദ് വിമാനാപകടത്തിനുശേഷം വ്യോമമേഖലയുടെ സുരക്ഷ സംബന്ധിച്ച വിഷയം സൂക്ഷ്മമായി പരിശോധിക്കുന്നതിനിടയിലാണ് ജീവനക്കാരുടെ ക്ഷാമം കണ്ടെത്തിയത്.