ഖാർഗെയ്ക്ക് 83; പാർലമെന്റിൽ ആഘോഷിച്ച് കോണ്ഗ്രസ്
Tuesday, July 22, 2025 3:49 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ 83-ാം ജന്മദിനം ആഘോഷമാക്കി കോണ്ഗ്രസ്. പാർലമെന്റിലെ രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ കേക്ക് മുറിച്ചാണ് മുതിർന്ന നേതാവിന്റെ ജന്മദിനം കോണ്ഗ്രസ് ആഘോഷിച്ചത്.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എംപിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു. രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ കേക്ക് മുറിച്ച് എംപിമാർക്കു വിതരണം ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും എക്സിലൂടെ ഖാർഗെയ്ക്ക് ജന്മദിനം ആശംസിച്ചു. ഇന്ത്യയിലെ ജനങ്ങളോട് നിങ്ങൾക്കുള്ള പ്രതിബദ്ധതയും നേതൃത്വവും അർപ്പണബോധവും ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ആശംസ.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയവരും കോണ്ഗ്രസ് അധ്യക്ഷന് ആശംസകൾ നേർന്നു.