രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തതു വിവാദത്തിൽ
Tuesday, July 22, 2025 3:49 AM IST
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തത് ജനാധിപത്യ, പാർലമെന്ററി മര്യാദകളുടെയും കീഴ്്വക്കങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കോണ്ഗ്രസ്.
സർക്കാരിനുവേണ്ടി മന്ത്രിമാരായ രാജ്നാഥ് സിംഗിനും കിരണ് റിജിജുവിനും സംസാരിക്കാൻ അനുമതി നൽകിയിട്ടും പ്രതിപക്ഷ നേതാവിനെ വായ് തുറക്കാൻ പോലും അനുവദിക്കാത്ത സമീപനം അംഗീകരിക്കാനാകില്ലെന്നും ജനാധിപത്യവിരുദ്ധമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
പ്രതിരോധമന്ത്രിക്കും ബിജെപി അംഗങ്ങൾക്കും സംസാരിക്കാൻ അനുവാദമുണ്ടോ എന്നതാണു ചോദ്യം. പക്ഷേ പ്രതിപക്ഷത്തുനിന്നുള്ള ഒരാൾക്ക് എന്തെങ്കിലും പറയാൻ താത്പര്യമുണ്ടെങ്കിൽ, അദ്ദേഹത്തിന് അനുവാദമില്ല. ഞാൻ പ്രതിപക്ഷ നേതാവാണ്. അതെന്റെ അവകാശമാണ്. ഇതൊരു പുതിയ സമീപനമാണെന്നും പാർലമെന്റിനു പുറത്ത് രാഹുൽ മാധ്യമങ്ങളോടു പറഞ്ഞു.
പ്രധാനമന്ത്രി മോദി ഒരു നിമിഷത്തിനുള്ളിൽ സഭയിൽനിന്ന് ഇറങ്ങിപ്പോയി. സർക്കാർ അനുവദിച്ചാൽ ചർച്ച നടക്കും. പ്രശ്നം, സർക്കാരിലെ ആളുകൾ എന്തെങ്കിലും പറഞ്ഞാൽ, പ്രതിപക്ഷത്തിനും ഇടം നൽകണമെന്നതാണ്. ഏതാനും കാര്യങ്ങൾ പറയാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ പ്രതിപക്ഷത്തിന് അനുവാദമില്ല- രാഹുൽ വിശദീകരിച്ചു.
രാജ്യസഭയിൽ മന്ത്രി ജെ.പി. നഡ്ഡയെയും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെയും സംസാരിക്കാൻ അനുവദിച്ചെങ്കിലും ഖാർഗെയുടെ പ്രസംഗത്തിനിടെ ഇടപെടാനുള്ള നഡ്ഡയുടെ ശ്രമം വലിയ പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായി.
പാക്കിസ്ഥാനുമായി വെടിനിർത്തലിനു മധ്യസ്ഥ്യം വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ അറ്റാഷെയുടെയും പരാമർശങ്ങളിൽ സർക്കാർ വിശദീകരണം നൽകണമെന്ന ഖാർഗെയുടെ ആവശ്യമാണു നഡ്ഡയെ പ്രകോപിപ്പിച്ചത്.
എന്നാൽ, വിഷയം പരാമർശിച്ചപ്പോഴേ സർക്കാർ പ്രതിരോധത്തിലായെന്ന് ഖാർഗെ തിരിച്ചടിച്ചു. പ്രതിപക്ഷം സർക്കാരിനെ നിരുപാധികം പിന്തുണച്ചെങ്കിലും സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.