വന്യജീവി ആക്രമണവും തെരുവുനായശല്യവും; സർവകക്ഷിയോഗത്തിൽ നിർദേശങ്ങളുമായി ജോസ് കെ. മാണി
Monday, July 21, 2025 1:40 AM IST
ന്യൂഡൽഹി: ജനവാസമേഖലകളിൽ വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്പോൾ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 63 അനുസരിച്ച് സ്വയരക്ഷയ്ക്കായി മനുഷ്യർക്കു വന്യമൃഗങ്ങളെ കൊല്ലാമെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ മാർഗനിർദേശമായി സംസ്ഥാനങ്ങൾക്കു രേഖാമൂലം നൽകണമെന്ന് സർവകക്ഷിയോഗത്തിൽ കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.
നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥയുണ്ടായിട്ടും സ്വയരക്ഷ കണക്കിലെടുത്ത് വന്യജീവിക്കു പരിക്കേറ്റാൽ അത് ഏൽപ്പിച്ച മനുഷ്യനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനപാലകർ കേസെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ വന്യമൃഗം എന്നതിനു കൃത്യമായ നിർവചനം നൽകുന്ന നിയമഭേദഗതി നടത്തണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ഇതോടൊപ്പം കേരളത്തിലെ തെരുവുനായ വിഷയവും അദ്ദേഹം യോഗത്തിൽ ഉന്നയിച്ചു. 1,85,132 പേർക്കാണു കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇതിൽ 17 പേർ മരിച്ചു.
ഉടമസ്ഥരില്ലാത്തതും വളർത്തുനായ്ക്കളല്ലാത്തതുമായ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടുന്നതിനും ആക്രമണകാരികളായവയെ കൊല്ലുന്നതിനും നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.