ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ട് കണ്ടെത്തിയ സംഭവം; ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരേ ജസ്റ്റീസ് വർമ സുപ്രീംകോടതിയിൽ
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് അനധികൃത പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തര അന്വേഷണസമിതി റിപ്പോർട്ടിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമ.
കേസുമായി ബന്ധപ്പെട്ടു യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ ശിപാർശ ഭരണഘടനാവിരുദ്ധവും അതിരു കടന്നതുമാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വർമ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ യശ്വന്ത് വർമയ്ക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതിനിടയിലാണ്അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പുതിയ നീക്കം. എന്നാൽ, വർമയുടെ ഹർജി കോടതി പരിഗണിച്ചിട്ടില്ല.
ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിന് പാർലമെന്റിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് ആഭ്യന്തര അന്വേഷണമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വർമ വ്യക്തമാക്കുന്നു. 1968 ലെ ജഡ്ജസ് (അന്വേഷണ) നിയമത്തിൽ നിർവചിച്ചിരിക്കുന്ന തരത്തിലുള്ള സംരക്ഷണം ആഭ്യന്തര അന്വേഷണത്തിൽ ലഭിക്കില്ല.
തന്റെ ഭാഗം കേൾക്കാതെയുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ടാണ് മൂന്നംഗ സമിതി മുൻ ചീഫ് ജസ്റ്റീസിനു കൈമാറിയത്. തെളിവുകളുടെയല്ല, അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
പണം കണ്ടെത്തി എന്നതു മാത്രമല്ല, ആരുടെ പണം, എത്ര രൂപ എന്നീ വിവരങ്ങളടക്കം അന്വേഷണത്തിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.
തനിക്കെതിരായ ആരോപങ്ങൾ സുപ്രീംകോടതി പുറത്തുവിട്ടതിനാൽ മാധ്യമ വിചാരണയ്ക്കു വിധേയനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.