വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികൾക്കും തുല്യ നഷ്ടപരിഹാരം നൽകും: മന്ത്രി
Tuesday, July 22, 2025 3:49 AM IST
ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം കത്തിവീണു മരിച്ച മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവർക്കുകൂടി കൊല്ലപ്പെട്ട വിമാന യാത്രക്കാർക്കും ജീവനക്കാർക്കും നൽകുന്ന തുല്യ നഷ്ടപരിഹാരവും സഹായങ്ങളും നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു.
അപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണറിപ്പോർട്ട് കിട്ടിയാൽ മാത്രമേ സത്യമറിയാനും ആവശ്യമായ അനന്തര നടപടികൾ സ്വീകരിക്കാനും കഴിയുകയുള്ളൂവെന്ന് രാജ്യസഭയിൽ മന്ത്രി വ്യക്തമാക്കി.
ജൂണ്‍ 12നു നടന്ന അപകടം സജീവമായ അന്വേഷണത്തിലാണ്. പ്രാഥമിക റിപ്പോർട്ട് മാത്രമാണു ലഭിച്ചത്. അതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് വരുന്നതുവരെ എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതു നല്ലതല്ല. റിപ്പോർട്ട് ലഭിച്ചശേഷം സുരക്ഷയുടെ കാര്യത്തിൽ ആവശ്യമായതെല്ലാം ചെയ്യും.
അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സുതാര്യമായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. പക്ഷേ, ഇന്ത്യൻ മാധ്യമങ്ങളും പാശ്ചാത്യ മാധ്യമങ്ങളും സ്വന്തം കാഴ്ചപ്പാട് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. വസ്തുതകളിലൂടെയാകും കേന്ദ്രസർക്കാർ ഇക്കാര്യത്തെ കാണുക. സത്യത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു- നായിഡു പറഞ്ഞു.