കൊച്ചി-മുംബൈ വിമാനം റൺവേയിൽനിന്നു തെന്നിമാറി
Tuesday, July 22, 2025 3:49 AM IST
മുംബൈ: കൊച്ചിയിൽനിന്നു മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. എഐ 2744 വിമാനം കനത്ത മഴയിൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവേയായിരുന്നു സംഭവം.
റൺവേയിൽ തൊട്ടതിന് പിന്നാലെ വിമാനം തെന്നിമാറുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. മൂന്നു ടയറുകൾക്കും എൻജിനും കേടുപാടുകളുണ്ടെന്നാണു വിവരം.
വിമാനത്തെ സുരക്ഷിതമായി ടെർമിനൽ ഗേറ്റിലേക്ക് എത്തിക്കാൻ കഴിഞ്ഞെന്നും വിശദമായ പരിശോധനകൾ നടത്തിവരികയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
റൺവേയ്ക്കും കേടുപാടുകൾ സംഭവിച്ചതിനാൽ രണ്ടാമത്തെ റൺവേ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈയിൽ രണ്ട് റൺവേകളാണുള്ളത്.
ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
ഇൻഡോർ: ഗോവയിൽനിന്ന് 140 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം ഇൻഡോർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ ലാൻഡിംഗ് ഗിയറിനു സാങ്കേതിക പ്രശ്നം ഉണ്ടായേക്കാവുന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഇൻഡോറിൽ വിമാനം ഇറക്കിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.