മദ്യ അഴിമതി കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രി ജഗനെതിരേ പരാമർശം
Monday, July 21, 2025 1:40 AM IST
അമരാവതി: ആന്ധ്രപ്രദേശിനെ പിടിച്ചുലച്ച 3,500 കോടിരൂപയുടെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രത്തിൽ മുൻമുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയെക്കുറിച്ച് പരാമർശം.
കൈക്കൂലിപ്പണം കൈപ്പറ്റുന്നവരിൽ ഒരാൾ മുൻമുഖ്യമന്ത്രിയാണെന്ന് അമരാവതി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു. പ്രതിമാസം 50 കോടിരൂപ മുതൽ 60 കോടിരൂപവരെ കൈക്കൂലിയായി വിതരണം ചെയ്തിരുന്നുവെന്നും 305 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
കൈക്കൂലിപ്പണം ഒന്നാംപ്രതിയായ രാജശേഖർ റെഡ്ഡി എന്നയാൾ സ്വീകരിച്ചശേഷം വിജയ് സായി റെഡ്ഡി, മിഥുൻ റെഡ്ഡി, ബാലാജി എന്നിവർക്കു നൽകും. ഇവരാണു മുൻമുഖ്യമന്ത്രിക്കു പണം കൈമാറുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.
വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധികാരത്തിലിരുന്ന 2019 മുതൽ 2024 വരെ പ്രതിമാസം 50 കോടിരൂപ മുതൽ 60 കോടിവരെ ഇത്തരത്തിൽ കൈക്കൂലിയായി നൽകുന്നുവെന്നും ആരോപണമുണ്ട്. എക്സൈസ് നയം രൂപീകരിക്കുന്നതുൾപ്പെടെ അഴിമതിയുടെ മുഖ്യസൂത്രധാരൻ ഒന്നാംപ്രതിയായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.