സി. സദാനന്ദൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
Tuesday, July 22, 2025 3:48 AM IST
ന്യൂഡൽഹി: ബിജെപി കേരള സംസ്ഥാന വൈസ് പ്രസിഡന്റ സി. സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ. സദാനന്ദനുൾപ്പെടെ അഞ്ചുപേരാണ് വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം സത്യപ്രതിജ്ഞ ചെയ്തു രാജ്യസഭാംഗങ്ങളായത്.
സദാനന്ദനോടൊപ്പം രാഷ്ട്രപതി നാമനിർദേശം ചെയ്ത ചരിത്രകാരി മീനാക്ഷി ജെയ്ൻ, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ല എന്നിവരും ഇന്നലെ എംപിമാരായി സ്ഥാനമേറ്റു. ഇവരോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ ആസാം ഗണ പരിഷത്ത് പാർട്ടിയിൽനിന്നുള്ള (എജെപി) ബിരേന്ദ്ര പ്രസാദ് ബൈഷ്യ, ബിജെപിയിൽനിന്നുള്ള കനട് പുർക്കായസ്ഥ എന്നിവരും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. സഭാഅധ്യക്ഷൻ ജഗ്ദീപ് ധൻകറാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കണ്ണൂർ മട്ടന്നൂർ സ്വദേശിയാണു സദാനന്ദൻ. 1994ൽ ആർഎസ്എസ് കണ്ണൂർ കാര്യവാഹകായിരിക്കെ സിപിഎം ആക്രമണത്തിൽ രണ്ടു കാലുകളും നഷ്ടമായിരുന്നു.
പിന്നീട് കൃത്രിമക്കാലിലായിരുന്നു രാഷ്ട്രീയപ്രവർത്തനം. 2016ലും 2021ലും കൂത്തുപറന്പ് മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം സദാനന്ദന് ഡൽഹി മലയാളിസമൂഹം കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബിൽ സ്വീകരണം നൽകി.