മഹാരാഷ്ട്രയിൽ മന്ത്രിമാർ ഹണി ട്രാപ്പില്‍ കുടുങ്ങിയെന്ന് ശിവസേന
Tuesday, July 22, 2025 3:48 AM IST
മുംബൈ: മഹാരാഷ്ട്രയിൽ നാല് മന്ത്രിമാരും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹണി ട്രാപ്പില്‍ കുടുങ്ങിയെന്ന ആരോപണവുമായി ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത്. എന്നാല്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയവരുടെ പേരുവിവരങ്ങള്‍ അദേഹം പുറത്തുവിട്ടിട്ടില്ല.
‘ഹണിട്രാപ്പ്’ റാക്കറ്റിനെക്കുറിച്ച് സര്‍ക്കാര്‍ നിയമസഭയില്‍ ഔദ്യോഗിക പ്രസ്താവന നടത്തണമെന്ന് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് എംഎല്‍എ നാന പഠോളെ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ പെന്‍ ഡ്രൈവില്‍ തന്റെ പക്കലുണ്ടെന്ന് പഠോളെ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഹണി ട്രാപ്പ് ആരോപണം ബിജെപി തള്ളി. ഹണിട്രാപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ കൈമാറുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ മന്ത്രിമാരെയും മറ്റുള്ളവരെയും മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ബിജെപി നേതാവും സംസ്ഥാന റവന്യു മന്ത്രിയുമായ ബവന്‍കുലെ പറഞ്ഞു.