മുംബൈ ട്രെയിൻ സ്ഫോടന പരന്പര; പ്രതികളെയെല്ലാം വെറുതെ വിട്ടു
Tuesday, July 22, 2025 3:49 AM IST
മുംബൈ: 189 പേരുടെ ജീവനെടുത്ത മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പയിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം സാധൂകരിക്കാനുള്ള വ്യക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടതായി വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
2006 ജൂലൈ 11ന് മുംബൈയിലെ പടിഞ്ഞാറൻ മേഖലയിൽ ലോക്കൽ ട്രെയിനുകളിലുണ്ടായ സ്ഫോടനപരന്പരയിൽ എഴുനൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 11 മിനിട്ടിനുള്ളില്‍ ഏഴ് സ്ഫോടനങ്ങളാണ് ഉണ്ടായത്. പ്രഷര്‍ കുക്കര്‍ ബോംബുകൾ ഉപയോഗിച്ച് നടത്തിയ ആദ്യസ്ഫോടനം വൈകുന്നേരം 6.24നായിരുന്നു. ഒടുവിലത്തേത് 6.35നും. നഗരത്തിലെ ജോലി കഴിഞ്ഞ് ആളുകൾ തിരികെപ്പോകുന്ന സമയത്ത് മാട്ടുംഗ റോഡ്, മഹീം ജംഗ്ഷന്, ബാന്ദ്ര, ഖര്രോഡ്, ജോഗേശ്വരി, ഭയന്തര്‍, ബോറിവലി സ്റ്റേഷനുകളിലാണു സ്ഫോടനമുണ്ടായത്.
വിശദാന്വേഷണത്തിൽ ലഷ്കർ ഇ ത്വയ്ബയുടെയും സിമിയുടെയും പങ്ക് കണ്ടെത്തുകയും 12 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിൽ അഞ്ച് പേര്‍ക്ക് വധശിക്ഷയും ഏഴു പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ച് വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് അനിൽ കിലോർ, ജസ്റ്റീസ് ശ്യാം ചന്ദക് എന്നിവർ പ്രതികളെ കുറ്റവിമുക്തരാക്കിയത്.
കമൽ അൻസാരി, മുഹമ്മദ് ഫൈസൽ, അതാവുർ റഹ്മാൻ, മുഹമ്മദ് ഫൈസൽ, അതാവുർ റഹ്മാൻ ഷെയ്ക്ക്, നവീദ് ഹുസൈൻ ഖാൻ, അസിഫ്ഖാൻ, ഇ. സിദ്ദിഖി എന്നീ പ്രതികൾക്കാണു വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഇതിൽ കമൽ അൻസാരി കോവിഡ് ബാധിച്ച് നാഗ്പുർ സെൻട്രൽ ജയിലിൽവച്ച് മരിച്ചു. ബിഹാറിലെ മധുബനി സ്വദേശിയായ ഇയാൾ പാക്കിസ്ഥാനിൽനിന്ന് സായുധപരിശീലനം തേടിയിട്ടുണ്ട്.
മാട്ടുംഗയിൽ ബോംബ് സ്ഥാപിച്ചത് ഇയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുഹമ്മദ് ഫൈസൽ റഹ്മാനായിരുന്നു സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ. ഇതിനായി പാക്കിസ്ഥാനിൽനിന്ന് ഇയാൾ പണവും കൈപ്പറ്റിയിരുന്നു.
തൻവീർ അഹമ്മദ് അൻസാരി, മുഹമ്മദ് മാജിദ് ഷാഫി, ഷെയ്ക്ക് മുഹമ്മദ് അലി ആലം, മുഹമ്മദ് സാജിദ് അൻസാരി, മുസമ്മിൽ അതാവുർ റഹ്മാൻ ഷെയ്ക്ക്, സൊഹൈൽ മുഹമ്മദ് ഷെയ്ക്ക്, ജാമിർ ലത്തിഫുർ റഹ്മാൻ ഷെയ്ക്ക് എന്നിവർക്കാണു ജീവപര്യന്തം ശിക്ഷ വിധിച്ചത്.
സങ്കടദിനം; നീതി കൊലചെയ്യപ്പെട്ടു
മുംബൈ: എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ് കോടതിവിധിയെന്ന് സ്ഫോടനത്തെത്തുടർന്ന് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ചിരാഗ് ചൗഹാൻ. നീതി കൊലചെയ്യപ്പെട്ടുവെന്നും സമൂഹമാധ്യമായ എക്സിൽ പ്രതികരിച്ചു.
രാജ്യത്തെ നിയമം ഇന്ന് പരാജയപ്പെട്ടിരിക്കുന്നു. നൂറുകണക്കിനു കൂടുംബങ്ങൾക്കു തീരാവേദന സമ്മാനിച്ച ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ലെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് ആയ അദ്ദേഹം എഴുതി.
സ്ഫോടനം നടക്കുന്പോൾ 21 വയസുകാരനായ സിഎ വിദ്യാർഥിയായിരുന്നു ചിരാഗ് ചൗഹാൻ. സ്ഫോടനത്തിൽ നട്ടെല്ലിനു സാരമായ പരിക്കേറ്റ ചിരാഗിന്റെ ജീവിതം വീൽചെയറിന്റെ സഹായത്തിലാണ് തുടരുന്നത്.