41 പുതിയ മെഡിക്കൽ കോളജുകൾ: 10,650 സീറ്റുകളും
Monday, October 20, 2025 2:20 AM IST
ന്യൂഡൽഹി: രാജ്യത്ത് 2024-25 അധ്യയനവർഷത്തിൽ 10,650 മെഡിക്കൽസീറ്റുകൾക്കുകൂടി നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അംഗീകാരം നൽകി. 41 മെഡിക്കൽ കോളജുകൾകൂടി തുടങ്ങാനും അനുമതിയുണ്ട്. ഇതോടെ രാജ്യത്തെ മെഡിക്കൽ കോളജുകളുടെ എണ്ണം 816 ആകുമെന്ന് എൻഎംസി അധ്യക്ഷൻ ഡോ. അഭിജിത് സേത് അറിയിച്ചു. എംബിബിഎസ് സീറ്റുകളുടെ എണ്ണമാകട്ടെ 1,37,600 ആയി ഉയരും.
മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് 41 സർക്കാർ മെഡിക്കൽ കോളജുകളിൽനിന്നും 129 സ്വകാര്യമെഡിക്കൽ കോളജുകളിൽനിന്നുമായി 170 അപേക്ഷകളാണ് ലഭിച്ചത്. നടപടിക്രമങ്ങൾക്കു സമയം എടുക്കുമെങ്കിലും ഈ അധ്യയനവർഷംതന്നെ കോഴ്സുകൾക്ക് അംഗീകാരം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഞ്ചുവർഷംകൊണ്ട് 75,000 പുതിയ മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കുമെന്നു കഴിഞ്ഞ സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു തീരുമാനം.