ഉത്തരാഖണ്ഡ് യുസിസി ഭേദഗതി ചെയ്യും
Tuesday, October 21, 2025 2:14 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കഴിഞ്ഞ ജനുവരി മുതൽ നടപ്പാക്കിയ ഏകീകൃത സിവിൽ കോഡ് (യുസിസി) നിയമത്തിലെ സ്വകാര്യതാലംഘനം അടക്കമുള്ള വിവാദവ്യവസ്ഥകൾ ഭേദഗതി ചെയ്യാമെന്നു വ്യക്തമാക്കി സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മൊബൈൽ നന്പറുമായി ആധാർ നന്പർ ലിങ്ക് ചെയ്യണമെന്നതും രജിസ്ട്രാർമാരുടെ അധികാരവും അടക്കമുള്ള വ്യവസ്ഥകളാണു ഭേദഗതി ചെയ്യുക.
2023ലെ ഏകീകൃത സിവിൽ കോഡ് നിയമം, 2024ലെ യുസിസി നിയമങ്ങൾ എന്നിവ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണു വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഭേദഗതികൾ കൊണ്ടുവരുമെന്നു വ്യക്തമാക്കി ആഭ്യന്തരവകുപ്പ് ഇന്നലെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
വിവാഹം ചെയ്യാതെ ഒരുമിച്ചു താമസിക്കുന്നവരുടെ (ലിവ് ഇൻ) ബന്ധം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയതും ഇത്തരം ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ തിരിച്ചറിയൽ പ്രശ്നങ്ങളും പരിഹരിക്കാനാണു ഭേദഗതി. 21 വയസിൽ താഴെയുള്ള രജിസ്റ്റർ ചെയ്തവരുടെ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ വിവരം അറിയിക്കാനുള്ള രജിസ്ട്രാറുടെ അധികാരത്തിലും മാറ്റമുണ്ടാകും.
സ്വവർഗാനുരാഗികളുടെ ലിവ് ഇൻ രജിസ്ട്രേഷൻ അനുവദിക്കില്ല. ഭിന്നലിംഗ ബന്ധങ്ങൾക്കു മാത്രമേ രജിസ്ട്രേഷൻ ബാധകമാകൂ. വിവാഹം, വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കൽ എന്നിവയിൽനിന്ന് ഫസ്റ്റ് കസിൻസ് അടക്കം അടുത്ത ബന്ധമുള്ള 74 വിഭാഗം ആളുകളെ വിലക്കിയിട്ടുണ്ട്. വിവാഹിതരുമായോ മറ്റൊരു ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുമായോ മറ്റൊരാൾക്കു ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ലെന്നു നിയമം പറയുന്നു.
30 ദിവസം സാധുതയുള്ള താത്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള വ്യവസ്ഥ റദ്ദാക്കും. ഒന്നുകിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നിരസിക്കൽ കത്ത് നൽകണമെന്നാണു പുതിയ ഭേദഗതി.
ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്പോഴും ഇത്തരം ബന്ധത്തിൽ കുട്ടികൾ ജനിക്കുന്പോഴും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് ഉടനെ വിവരങ്ങൾ അയയ്ക്കണമെന്ന നിലവിലെ നിയമത്തിലെ വ്യവസ്ഥ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായതിനാൽ ഭേദഗതി വരുത്തും.
വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കേണ്ടതു രജിസ്ട്രാർ, പ്രാദേശിക പോലീസ് സ്റ്റേഷനിലെ ചുമതലയുള്ള ഓഫീസർ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരുടെ ഉത്തരവാദിത്വമായിരിക്കുമെന്ന് ഭേദഗതിയിൽ നിഷ്കർഷിച്ചിട്ടുണ്ട്.
ലിവ് ഇൻ ബന്ധം അവസാനിപ്പിക്കുന്ന സമയത്ത് സ്ത്രീ ഗർഭിണിയാണെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും സ്വകാര്യത സംരക്ഷിക്കും. ലിവ് ഇൻ ബന്ധങ്ങളിലെ പങ്കാളികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ ആറു മാസം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കും.