ആർജെഡി 143 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Tuesday, October 21, 2025 2:14 AM IST
പാറ്റ്ന: ബിഹാറിൽ ഇന്ത്യ മുന്നണിയിൽ ഭിന്നത തുടരുന്നു. സഖ്യത്തിലെ പ്രധാന പാർട്ടിയായ ആർജെഡി 143 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഇതിൽ അഞ്ചു സീറ്റുകളിൾ ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികൾ മത്സരിക്കുന്നവയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനു സമയം അവസാനിക്കുന്നതിനു മണിക്കൂറുകൾക്കു മുന്പാണ് ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 243 സീറ്റുകളാണ് ബിഹാറിലുള്ളത്.
കോൺഗ്രസ് മത്സരിക്കുന്ന വൈശാലി, ലാൽഗഞ്ച്, കഹൽഗാവ് മണ്ഡലങ്ങളിലും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ താരാപുർ മണ്ഡലത്തിലും ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേഷ് കുമാർ റാം ജനവിധി തേടുന്ന കുതുംബയിലും ആർജെഡി സ്ഥാനാർഥിയെ നിർത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നുവെങ്കിലും അതുണ്ടായില്ല.
തേജസ്വി യാദവ് (രാഘോപുർ), അലോക് മേത്ത (ഉജിയാർപുർ), അഖ്തറുൾ ഇസ്ലാം ഷാഹിൻ (സമസ്തിപുർ), മുകേഷ് റൗഷാൻ (മഹുവ), ചന്ദ്രശേഖർ (മധേപ്പുര), അവധ് ബിഹാരി ചൗധരി (സിവാൻ) എന്നീ പ്രമുഖർക്ക് സിറ്റിംഗ് സീറ്റുകൾ ലഭിച്ചു.
21 വനിതകൾക്ക് ഇത്തവണ ആർജെഡി സീറ്റ് നല്കി. ബിജെപി, ജെഡി-യു കക്ഷികളേക്കാൾ അധികമാണിത്. മുസ്ലിം-യാദവ പിന്തുണയെ ആശ്രയിക്കുന്ന ആർജെഡി ഇത്തവണ പിന്നാക്ക, മുന്നാക്ക വിഭാഗങ്ങളെയും കാര്യമായി പരിഗണിച്ചു.
കോൺഗ്രസ് 61 സീറ്റിൽ
ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസ് 61 സീറ്റിൽ മത്സരിക്കും. 2020ൽ പാർട്ടി 70 സീറ്റിൽ മത്സരിച്ചിരുന്നു. ഇന്നലെ ഏഴു സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു. മുന്പ് രണ്ടു ഘട്ടമായി 54 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. മൂന്നു മണ്ഡലങ്ങളിൽ ആർജെഡിയും കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ബച്ച്വാഡ മണ്ഡലത്തിൽ കോൺഗ്രസിനും സിപിഐക്കും സ്ഥാനാർഥികളുണ്ട്.