ജസ്റ്റീസ് അതുൽ ശ്രീധരനെ അലഹബാദിലേക്കു മാറ്റി
Tuesday, October 21, 2025 2:14 AM IST
ന്യൂഡൽഹി: മധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്ജി അതുൽ ശ്രീധരനെ അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര നിയമ- നീതി മന്ത്രാലയം പുറത്തിറക്കി.
ആദ്യം ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കു മാറ്റാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ കേന്ദ്രസർക്കാർ ഇടപെട്ട് പുനഃപരിശോധനയ്ക്കു വിധേയമാക്കിയത് വിവാദത്തിനിടയാക്കിയിരുന്നു.
സുപ്രീംകോടതി കൊളീജിയത്തിന്റെ ആദ്യ ശിപാർശ അംഗീകരിച്ചിരുന്നെങ്കിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ രണ്ടാമത്തെ ജഡ്ജിയായി അദ്ദേഹം മാറുകയും ചീഫ് ജസ്റ്റീസായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ പുതിയ ശിപാർശ അംഗീകരിച്ചതോടെ അലഹബാദ് ഹൈക്കോടതിയിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ ഏഴാം സ്ഥാനത്താകും ജസ്റ്റീസ് അതുൽ ശ്രീധരൻ.
‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് സൈന്യം നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നു വിശേഷിപ്പിച്ച മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായ്ക്കെതിരേ കടുത്ത നടപടിക്ക് ഉത്തരവിട്ടത് ജസ്റ്റീസ് അതുൽ ശ്രീധരന്റെ ബെഞ്ചായിരുന്നു. ഇതിനെതിരേയുള്ള രാഷ്ട്രീയ പകപോക്കലാണ് അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെത്തുടർന്നുണ്ടായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.