ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ആളപായമില്ല
Sunday, October 19, 2025 12:51 AM IST
ന്യൂഡൽഹി: എംപിമാർക്ക് രാജ്യതലസ്ഥാനത്ത് അനുവദിച്ചിട്ടുള്ള ഫ്ലാറ്റിൽ വൻതീപിടിത്തം. മലയാളി എംപിമാരുടെയടക്കം അപ്പാർട്ട്മെന്റുകളുള്ള ബിഡി മാർഗിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ന് തീപിടിത്തമുണ്ടായത്.
ബഹുനിലക്കെട്ടിടത്തിന്റെ താഴത്തെ രണ്ടു നിലയിലുള്ള മുറികൾ പൂർണമായും കത്തിനശിച്ചെങ്കിലും ആളപായമുണ്ടായിട്ടില്ല. തീപിടിത്തമുണ്ടായി ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്.
കേരളത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങളായ ജോസ് കെ. മാണിയുടെയും ഹാരിസ് ബീരാന്റെയും ജെബി മേത്തറുടെയും പി.പി. സുനീറിന്റെയും അപ്പാർട്ട്മെന്റുകൾ തീപിടിത്തമുണ്ടായ കെട്ടിടസമുച്ചയത്തിലാണ്. പാർലമെന്റ് സമ്മേളന കാലയളവല്ലാതിരുന്നതിനാൽ എംപിമാരാരും സ്ഥലത്തുണ്ടായിരുന്നില്ല.
താഴത്തെ രണ്ടു നിലകളിലും ജോലിക്കാരുടെ ക്വാർട്ടേഴ്സാണ്. താഴത്തെ നിലയിൽ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ ഫർണിച്ചറുകളും മെത്തകളുമാണ് തീ ആളിപ്പിടിക്കാൻ കാരണമായതെന്ന് താമസക്കാർ പറയുന്നു. കെട്ടിടത്തിനു താഴെയുണ്ടായിരുന്ന ഒരു സ്കൂട്ടർ പൂർണമായി കത്തിനശിച്ചു.
താഴത്തെ നിലയുടെ സമീപത്തു പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും കെട്ടിടത്തിൽനിന്നുള്ള തീപടർന്ന് ഭാഗികമായി കത്തിനശിച്ചു. ഡൽഹിയിൽ പഠിക്കുന്ന മലയാളി വിദ്യാർഥി ആൽബിൻ ഫിലിപ്പിന്റേതാണ് ഇതിലൊരു കാർ.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ദീപാവലി ആഘോഷത്തോടനബന്ധിച്ചു കുട്ടികൾ ഇവിടെ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നുവെന്നും ഇതിൽനിന്നുള്ള തീപ്പൊരികൾ ബേസ്മെന്റിലേക്ക് കടന്നിട്ടുണ്ടാകാമെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.