പ്രകോപനമുണ്ടായാൽ വിനാശ പ്രതികരണം: പാക് സൈനിക മേധാവി
Sunday, October 19, 2025 12:51 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ചെറിയ പ്രകോപനംപോലും പാക്കിസ്ഥാന്റെ നിർണായകവും വിനാശകരവുമായ പ്രതികരണം ക്ഷണിച്ചുവരുത്തുമെന്ന് പാക് സൈനികമേധാവി അസിം മുനീർ.
ഭാവിയിലെ ഏതൊരു ശത്രുതയും ഇന്ത്യയുടെ ഭാവനകൾക്കും അപ്പുറമുള്ള സൈനികവും സാന്പത്തികവുമായ പ്രതികാരത്തിലേക്കു നയിച്ചേക്കാമെന്ന് ജനറൽ മുനീർ ഭീഷണി മുഴക്കി.
ആണവവത്കരിക്കപ്പെട്ട അന്തരീക്ഷത്തിൽ യുദ്ധത്തിന് ഇടമില്ലെന്ന് ഇന്ത്യയുടെ സൈനിക നേതൃത്വത്തെ ഉപദേശിക്കുകയും ശക്തമായി മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. വാചകക്കസർത്തിൽ ഒരിക്കലും ഭയപ്പെടില്ല. ചെറിയൊരു പ്രകോപനത്തിനുപോലും യാതൊരു മടിയും കൂടാതെ അനുപാതത്തിനപ്പുറം നിർണായകമായി പ്രതികരിക്കും- അസിം മുനീർ പറഞ്ഞു.