പിഎം -ജെഎവൈ പദ്ധതി: നാലു ലക്ഷത്തിലധികം ക്ലെയിമുകൾ സംശയാസ്പദം
സ്വന്തം ലേഖകൻ
Monday, October 20, 2025 2:20 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (എബി-പിഎം ജെഎവൈ) പ്രകാരം 4.6 ലക്ഷത്തിലധികം സംശയാസ്പദമായ ക്ലെയിമുകൾ കണ്ടെത്തിയതായി വിവരം.
നാഷണൽ ഹെൽത്ത് അഥോറിറ്റി (എൻഎച്ച്എ) 2023 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണു കണ്ടെത്തൽ.
സംശയാസ്പദമായി കണ്ടെത്തിയ 4,63,669 ഇൻഷ്വറൻസ് ക്ലെയിമുകളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് സംസ്ഥാനസർക്കാരുകൾക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
പശ്ചിമബംഗാൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പിഎം-ജെഎവൈ പ്രകാരമുള്ള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം 272 കോടി രൂപയോളം മൂല്യമുള്ള 1,33,611 വ്യാജ ക്ലെയിമുകൾ കണ്ടെത്തി നിരസിച്ചതായും എൻഎച്ച്എയുടെ വാർഷികറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇൻഷ്വറൻസ് ക്ലെയിം നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എൻഎച്ച്എ സംഘം നടത്തിയ പരിശോധനയിലാണു വ്യാജ ക്ലൈമുകൾ കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ആരോഗ്യസ്ഥാപനങ്ങളുടെ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിന് സംസ്ഥാന സർക്കാരുകളുമായി പങ്കിട്ടതായും എൻഎച്ച്എ വ്യക്തമാക്കി.
ഏഴു വർഷം മുന്പാണ് കേന്ദ്രസർക്കാർ ആരോഗ്യസംരക്ഷണത്തിനായി പിഎം -ജെഎവൈ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിപ്രകാരം വിവിധ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപവരെയുള്ള സാന്പത്തികസംരക്ഷണം നൽകുന്നു. ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾപ്രകാരം 15.14 കുടുംബങ്ങളാണ് പദ്ധതിക്കു കീഴിൽ ഉൾപ്പെട്ടിട്ടുള്ളത്. 1.29 ലക്ഷം കോടി രൂപ മൂല്യമുള്ള 9.19 കോടി ആശുപത്രി സേവനങ്ങൾക്ക് പദ്ധതിയിലൂടെ സാന്പത്തികസഹായം നൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 52 ശതമാനം സ്വകാര്യ ആശുപത്രികളിലും 48 ശതമാനം പൊതുമേഖലാ ആശുപത്രികളിലുമാണ് ലഭ്യമായത്.