ദളിത് പീഡനത്തിൽ മുൻപന്തിയിൽ യുപി: രാഹുൽ
Saturday, October 18, 2025 2:47 AM IST
കാൺപുർ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ വീട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു.
ഹരി ഓം വാൽമീകി (40) യുടെ മരണം രാജ്യത്തിന്റെ മനഃസാക്ഷിയെ നടുക്കിയെന്ന് പറഞ്ഞ രാഹുൽ, അദ്ദേഹത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിച്ചെന്നും ആരോപിച്ചു. ദളിതൻ ആകുന്നത് വലിയ പാതകമാണോയെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ദളിത് പീഡനം ഏറ്റവുമധികം നടക്കുന്നത് ഉത്തർപ്രദേശിലാണെന്ന് രാഹുൽ പറഞ്ഞു.
ഈ മാസം രണ്ടിനാണ് കള്ളനെന്നാരോപിച്ച് ഹരിഓമിനെ ഗ്രാമീണർ കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനൊന്നാം തീയതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച ഹരിഓമിന്റെ ഭാര്യക്ക് ജോലിയും വീടും വിവിധ ക്ഷേമപദ്ധതികളിലുൾപ്പെടുത്തിയ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.