പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും മിസൈൽ പരിധിയിൽ: രാജ്നാഥ്
Sunday, October 19, 2025 12:51 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂറിൽ നടന്നതു വെറുമൊരു ട്രെയിലർ മാത്രമാണെന്നും മന്ത്രി പാക്കിസ്ഥാന് മുന്നറിയിപ്പു നൽകി.
ബ്രഹ്മോസ് എയ്റോ സ്പേസ് ലിമിറ്റഡിന്റെ ലക്നോ യൂണിറ്റിൽ നിർമിച്ച സൂപ്പർ സോണിക് ബ്രഹ്മോസ് മിസൈലുകളുടെ ആദ്യബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി. ഇന്ത്യയുടെ ഒരു ചെറിയ പ്രകോപനം പോലും നിർണായക പ്രതികരണം വിളിച്ചുവരുത്തുമെന്ന പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ഇന്നലത്തെ ഭീഷണിക്കു പിന്നാലെയാണ് രാജ്നാഥ് സിംഗിന്റെ താക്കീത്.
തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകളുടെ സൂപ്പർ സോണിക് വേഗത, കൃത്യത, ദീർഘദൂര ആക്രമണ ശേഷി എന്നിവ അതിനെ ലോകത്തിലെ ഏറ്റവും നൂതന മിസൈൽ സംവിധാനങ്ങളിലൊന്നാക്കി മാറ്റിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ബ്രഹ്മോസിന്റെ സാങ്കേതിക മികവ് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിരോധ വിശ്വാസ്യത ശക്തിപ്പെടുത്തി. ദീപാവലിക്കു മുന്പായി നാലു മിസൈലുകൾ എത്തിച്ചത് ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.
വെറും അഞ്ചു മാസത്തിനുള്ളിലാണ് നാലു മിസൈലുകൾ തന്റെ പാർലമെന്റ് മണ്ഡലമായ ലക്നോയിൽ നിർമിച്ചതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചേർന്നാണ് പ്രതിരോധമന്ത്രി ആദ്യബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ലക്നോയിൽ 200 ഏക്കർ സ്ഥലത്തായി 380 കോടി രൂപ ചെലവിൽ കഴിഞ്ഞ മേയിലാണു മിസൈൽ നിർമാണകേന്ദ്രം തുടങ്ങിയത്.
കര, നാവിക, വ്യോമ സേനകൾക്കായി പ്രതിവർഷം 100 മിസൈലുകൾ ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം.
ഇത് 3,000 കോടി രൂപയുടെ വിറ്റുവരവും 500 കോടി രൂപയുടെ ജിഎസ്ടി വരുമാനവും സൃഷ്ടിക്കുമെന്നും രാജ്നാഥ് പറഞ്ഞു.