സേനകളുടെ ഏകോപനം പാക്കിസ്ഥാനെ കീഴടങ്ങാൻ നിർബന്ധിതരാക്കി: മോദി
Tuesday, October 21, 2025 2:14 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂറി’നിടെ കര, നാവിക, വ്യോമ സേനാവിഭാഗങ്ങളുടെയും ഏകോപനം കീഴടങ്ങാൻ പാക്കിസ്ഥാനെ നിർബന്ധിതരാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർണാടകയിലെ കാർവാർ തീരത്ത്, ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങൾക്കൊപ്പം ഇന്നലെ ദീപാവലി ആഘോഷിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. സായുധസേനകളെ പ്രധാനമന്ത്രി മുക്തകണ്ഠം പ്രശംസിച്ചു.
‘ഓപ്പറേഷൻ സിന്ദൂറി’നിടെ മൂന്നു സേനാവിഭാഗങ്ങളും തമ്മിലുള്ള അസാധാരണമായ ഏകോപനമാണു കീഴടങ്ങാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. സായുധസേനകളുടെ കരുത്തിന്റെ പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത്. ഏതാനും മാസങ്ങൾക്കുമുന്പ് ഐഎൻഎസ് വിക്രാന്ത് എന്ന പേരുപോലും പാക്കിസ്ഥാനു മുഴുവൻ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചത് നമ്മൾ കണ്ടു.
ശത്രുവിന്റെ ധൈര്യം തകർക്കാൻ കഴിയുന്ന പേരാണ് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യൻ നാവികസേന നൽകിയ ഭയം, വ്യോമസേന പ്രകടിപ്പിച്ച അവിശ്വസനീയമായ കഴിവ്, കരസേനയുടെ ധീരത എന്നിവയെല്ലാം അതിശയകരമാണെന്നു കപ്പലിലെ നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
സുരക്ഷാസേനകളുടെ ധീരതയും ദൃഢനിശ്ചയവും മൂലമാണു രാജ്യത്തെ മാവോയിസ്റ്റ് ഭീകരത ഇല്ലാതാക്കുന്ന പ്രധാന നാഴികക്കല്ലിലേക്ക് അടുക്കുന്നതെന്ന് മോദി പറഞ്ഞു. മാവോയിസ്റ്റ് ആക്രമണങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം നമ്മുടെ വാതിലുകളിൽ മുട്ടുകയാണ്. രാജ്യത്തെ 125 ജില്ലകളെ ബാധിച്ച മാവോയിസ്റ്റ് ഭീകരത ഇപ്പോൾ വെറും 11 ജില്ലകളിലായി കുറഞ്ഞു. ലക്ഷ്യം 90 ശതമാനം നേടി.
സായുധസേനകൾ ശക്തരാകുന്നതിന് സ്വാശ്രയത്വം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ ദശകത്തിൽ, സേനകൾ സ്വാശ്രയത്വത്തിലേക്ക് അതിവേഗം മുന്നേറുന്നതിൽ അഭിമാനമുണ്ട്. ആയിരക്കണക്കിന് ഇനങ്ങളുടെ പട്ടിക സേനകൾ തയാറാക്കുകയും ഈ ഇനങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
സൈന്യത്തിനാവശ്യമായ മിക്ക ഉപകരണങ്ങളും ഇപ്പോൾ രാജ്യത്തു നിർമിക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ, പ്രതിരോധ ഉത്പാദനം മൂന്നിരട്ടിയിലധികം വർധിച്ചു. 2014 മുതൽ, ഇന്ത്യൻ കപ്പൽശാലകളിൽനിന്നു നാവികസേനയ്ക്ക് 40ലധികം തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ലഭിച്ചു. 40 ദിവസത്തിൽ ഒരു യുദ്ധക്കപ്പലോ അന്തർവാഹിനിയോ നിർമിക്കുന്ന തലത്തിലേക്ക് ഉത്പാദനം മൂന്നിരട്ടിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ കയറ്റുമതിയിൽ രാജ്യത്തെ മുൻപന്തിയിലെത്തിക്കുകയാണു ലക്ഷ്യമെന്ന് മോദി പറഞ്ഞു. ബ്രഹ്മോസ്, ആകാശ് തുടങ്ങിയ നമ്മുടെ മിസൈലുകൾ ‘ഓപ്പറേഷൻ സിന്ദൂറി’ൽ കഴിവു തെളിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളും ഈ മിസൈലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നു.
സായുധസേനയ്ക്കായി ആയുധങ്ങളും ഉപകരണങ്ങളും കയറ്റുമതി ചെയ്യാനുള്ള കഴിവ് ഭാരതം വളർത്തിയെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം. കഴിഞ്ഞ ദശകത്തിൽ പ്രതിരോധ കയറ്റുമതി 30 മടങ്ങ് വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മിഗ്-29കെ യുദ്ധവിമാനങ്ങളാൽ ചുറ്റപ്പെട്ട ഐഎൻഎസ് വിക്രാന്തിലെ ഫ്ളൈറ്റ് ഡെക്ക് പ്രധാനമന്ത്രി സന്ദർശിച്ചു. വിമാനത്തിലെ ചെറിയ റണ്വേയിൽ പകൽസമയത്തും രാത്രിയിലും യുദ്ധവിമാനങ്ങളുടെ ടേക്ക് ഓഫുകളും ലാൻഡിംഗും ഉൾപ്പെടെ വ്യോമശക്തി പ്രദർശനവും അദ്ദേഹം കണ്ടു.
‘ഓപ്പറേഷൻ സിന്ദൂറി’ന്റെ വിജയം അനുസ്മരിച്ചു രചിച്ച ദേശഭക്തി ഗാനങ്ങൾ ഉൾപ്പെടെയുള്ള നാവികരുടെ സാംസ്കാരികപരിപാടിയിലും അദ്ദേഹം പങ്കെടുത്തു. നാവിക ഉദ്യോസ്ഥരോടും കുടുംബാംഗങ്ങളോടുമൊപ്പം പരന്പരാഗത അത്താഴവിരുന്നിലും (ബാരാ ഖാന) മോദി പങ്കുചേർന്നു.