ജീവനക്കാരന്റെ മരണം; ഒല സ്ഥാപകനെതിരേ കേസ്
Tuesday, October 21, 2025 2:14 AM IST
ബംഗളൂരു: തൊഴിൽപീഡനം ആരോപിച്ച് തൊഴിലാളി ജീവനൊടുക്കിയതിനെത്തുടർന്ന് ഒല ഇലക്ട്രിക് സ്കൂട്ടർ സ്ഥാപകൻ ഭവിഷ് അഗര്‍വാളിനും കന്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരേ കേസ്.
ബംഗളൂരു കോറമംഗലയിലെ ഓഫീസിൽ 2022 മുതല്‍ ഹോമോലോഗേഷന്‍ എന്‍ജിനിയറായി ജോലിചെയ്തിരുന്ന അരവിന്ദ് എന്ന 38കാരനാണു ജീവനൊടുക്കിയത്.
കഴിഞ്ഞമാസം 28നാണ് ചിക്കലസാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ അരവിന്ദിനെ കണ്ടെത്തിയത്. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
28 പേജുള്ള ആത്മഹത്യാകുറിപ്പിൽ ഉയർന്ന ഉദ്യോഗസ്ഥന്റെ മാനസീക പീഡനത്തെക്കുറിച്ചും ശന്പളം തടഞ്ഞുവച്ചതിനെക്കുറിച്ചും അരവിന്ദ് സൂചിപ്പിച്ചിരുന്നതായി പോലീസിനു നൽകിയ പരാതിയിൽ സഹോദരൻ ആരോപിക്കുന്നു.
ഭവിഷ് അഗര്‍വാളും മുതിർന്ന ഉദ്യോഗസ്ഥനായ സുബ്രത് കുമാര്‍ ദാസും മാനസികമായി പീഡിപ്പിക്കുകയും ശമ്പളവും അലവന്‍സുകളും നിഷേധിക്കുകയും ചെയ്തുവത്രെ.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണു പോലീസ് കേസെടുത്തത്. സഹോദരന്റെ പരാതി ലഭിച്ചതോടെ ഇരുവർക്കുമെതിരേ കേസെടുക്കുകയായിരുന്നു. അരവിന്ദ് മരിച്ച് രണ്ടു ദിവസത്തിനു ശേഷം അക്കൗണ്ടിലേക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി 17,46,313 രൂപ എത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിക്കാൻ സഹോദരന് ഒലയെ സമീപിച്ചിരുന്നു.
എന്നാൽ വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. ഇതുൾപ്പെടെ സംശയങ്ങൾക്ക് ഇടനൽകുന്നതായി കുടുംബം ആരോപിക്കുന്നു.
അതേസമയം പോലീസ് നടപടിക്കെതിരേ കന്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.