നിർമാണ സംവിധാനങ്ങളുടെ നവീകരണം: മരുന്നു കന്പനികളുടെ ആവശ്യം തള്ളി കേന്ദ്രം
Saturday, October 18, 2025 2:47 AM IST
ന്യൂഡൽഹി: നിർമാണസംവിധാനങ്ങൾ രാജ്യാന്തരനിലവാരത്തിലേക്കു നവീകരിക്കാൻ കൂടുതൽ സമയം വേണമെന്ന മരുന്നു കന്പനികളുടെ ആവശ്യം നിരസിച്ച് കേന്ദ്രം.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ മരുന്നുനിർമാണ കേന്ദ്രങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ വർഷാവസാനം വരെയാണു ഫാർമ കന്പനികൾക്കു കേന്ദ്രം സമയം അനുവദിച്ചിരുന്നതെങ്കിലും ചില ഫാർമ കന്പനികൾ സമയം കൂടുതൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കഫ് സിറപ്പ് മരണങ്ങളുടെ പശ്ചാത്തലത്തിൽ എത്രയും വേഗംതന്നെ മരുന്ന് നിർമാണ സംവിധാനങ്ങൾ നവീകരിക്കാനാണു കേന്ദ്രനിർദേശം.
ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ മൂലം ആഫ്രിക്കയിലും മധ്യേഷ്യയിലും കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2023ലാണ് മരുന്ന് നിർമാണ സംവിധാനങ്ങൾ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്രം ഫാർമ കന്പനികളോട് ആവശ്യപ്പെട്ടത്.
പ്രധാന മരുന്ന് കന്പനികൾ 2024 വരെയുള്ള സമയപരിധി പാലിച്ച് നവീകരണം നടത്തിയെങ്കിലും ചില ചെറിയ കന്പനികളുടെ ആവശ്യാർഥം 12 മാസം കൂടി സമയം അനുവദിക്കുകയായിരുന്നു. എന്നാൽ ഇതും പാലിക്കാതെ ചില കന്പനികൾ നവീകരണത്തിലെ ചെലവുകൾ തങ്ങളെ കടക്കെണിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ സമയം ആവശ്യപ്പെടുകയാണ്.
മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ നിർമാതാക്കളായ ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ നിർമാണസംവിധാനങ്ങൾ നവീകരിച്ചിട്ടില്ലെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെകൂടി പശ്ചാത്തലത്തിലാണ് രാജ്യത്തെ മരുന്നുനിർമാണ സംവിധാനങ്ങൾ ഉടൻതന്നെ നവീകരിക്കണമെന്ന കേന്ദ്രതീരുമാനം.
കേന്ദ്രം ആദ്യം നിശ്ചയിച്ചിട്ടുള്ള സമയപരിധിയിൽനിന്നു വ്യതിചലിച്ചിരുന്നില്ലെങ്കിൽ കുട്ടികളുടെ മരണങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് ഓൾ ഇന്ത്യ ഡ്രഗ്സ് കണ്ട്രോൾ ഓഫീസേഴ്സ് കോണ്ഫെഡറേഷൻ പ്രതികരിച്ചു.