പകർപ്പവകാശ നിയമലംഘനം: ഓപ്പണ്‍ എഐക്കെതിരേ വീണ്ടും ഹർജി
Saturday, February 15, 2025 1:41 AM IST
ന്യൂഡൽഹി: പകർപ്പവകാശനിയമം ലംഘിക്കുന്നുവെന്നാരോപിച്ചു പ്രമുഖ എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ മാതൃകന്പനിയായ ഓപ്പണ്‍ എഐക്കെതിരെ ന്യൂഡൽഹിയിൽ നിയമനടപടിക്കൊരുങ്ങി ഇന്ത്യയിലെ പ്രമുഖ സംഗീത കന്പനികൾ.
അനുമതിയില്ലാതെ തങ്ങളുടെ സൗണ്ട് റിക്കാർഡിംഗുകൾ എഐ മോഡലുകളെ പരിശീലിപ്പിക്കുവാൻ ഓപ്പണ്‍ എഐ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ഇന്ത്യൻ മ്യൂസിക് ഇൻഡസ്ട്രി (ഐഎംഐ) ഗ്രൂപ്പും ടി സീരീസും സരിഗമയും സോണി മ്യൂസിക്കുമാണ് ന്യൂഡൽഹി കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൊതുജനങ്ങൾക്കു ലഭ്യമാകുന്ന ഡാറ്റ ഉപയോഗിച്ചു പകർപ്പവകാശ നിയമപ്രകാരമുള്ള ന്യായമായ ആവശ്യത്തിനാണ് എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതെന്നാണ് ഓപ്പണ്‍ എഐ നൽകിയിരിക്കുന്ന വിശദീകരണം.
ചാറ്റ് ജിപിടി ഉപയോക്താക്കളുടെ എണ്ണംവച്ചു ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാരകേന്ദ്രമായ ഇന്ത്യയിൽ നിയമനടപടികൾ വർധിക്കുന്നത് ഓപ്പണ്‍ എഐക്ക് തിരിച്ചടിയാണ്.
ഓപ്പണ്‍ എഐ പകർപ്പവകാശനിയമം ലംഘിക്കുന്നതിനെതിരേ ഇന്ത്യൻ ന്യൂസ് ഏജൻസി (എഎൻഐ) സമർപ്പിച്ച ഹർജിയിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.