ജസ്റ്റീസ് യാദവിനെതിരേ നടപടി; അധികാരം പാർലമെന്റിനെന്ന് ഉപരാഷ്ട്രപതി
Saturday, February 15, 2025 1:41 AM IST
ന്യൂഡൽഹി: അലാഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവിനെ നീക്കംചെയ്യുന്ന വിഷയം പരിഹരിക്കാൻ പാർലമെന്റിനു മാത്രമേ സാധിക്കൂവെന്ന് രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകർ.
രാജ്യസഭാ സെക്രട്ടറി ജനറലിനോട് സുപ്രീം കോടതി സെക്രട്ടറി ജനറലുമായി വിവരങ്ങൾ പങ്കിടാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പ്രസ്താവന നടത്തിയ ജസ്റ്റീസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 55 എംപിമാർ ഡിസംബർ 13 ന് നൽകിയ പ്രമേയത്തിൻമേലാണ് ധൻകറിന്റെ വിശദീകരണം.
വിഷയത്തിന്റെ ഭരണഘടനാപരമായ അധികാരം രാഷ്ട്രപതിയിലും രാജ്യസഭാ ചെയർമാനിലും നിഷിപ്തമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വൈസ് പ്രസിഡന്റിന്റെ അധികാരം
55 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം അംഗീകരിക്കാനോ നിരസിക്കാനോ രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതിക്ക് അധികാരമുണ്ട്. പ്രമേയം അംഗീകരിച്ചാൽ മൂന്നു പേരടങ്ങുന്ന ഒരു പാനൽ രൂപീകരിക്കും.
സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ്ജസ്റ്റീസ്, ഒരു വിശിഷ്ട നിയമജ്ഞൻ തുടങ്ങിയവരാണ് പാനൽ അംഗങ്ങൾ. ഈ പാനലാണ് പരാതി അന്വേഷിക്കുന്നതിനും നീക്കം ചെയ്യൽ പ്രക്രിയ ആരംഭിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടോ എന്ന് നിർണയിക്കുന്നത്.