ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ
Friday, February 14, 2025 5:13 AM IST
ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയുടെ സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കും. 89കാരനായ ദലൈലാമയുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്. ഇനിമുതൽ ദലൈലാമ സിആര്‍പിഎഫിന്റെ വിഐപി സെക്യൂരിറ്റി വിംഗിലുള്ള 30 കമാന്‍ഡോമാരുടെ വലയത്തിലായിരിക്കും.
നിലവിൽ ഹിമാചല്‍പ്രദേശ് പോലീസിന്റെ മിതമായ സുരക്ഷ മാത്രമാണ് ദലൈലാമയ്ക്കുള്ളത്. കൂടാതെ ഡല്‍ഹിയിലോ മറ്റേതെങ്കിലും സ്ഥലത്തോ അദ്ദേഹം സന്ദര്‍ശനം നടത്തുമ്പോള്‍ ലോക്കല്‍ പോലീസ് സുരക്ഷയൊരുക്കിയിരുന്നു.
1989 മുതലാണ് ദലൈലാമ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ താമസമാരംഭിച്ചത്. അന്നുമുതല്‍ അദ്ദേഹത്തിന് ചൈനയിൽനിന്നുൾപ്പെടെ ഭീഷണിയുണ്ട്. നിരവധി സംഘടനകളില്‍നിന്നു നിരന്തരം ഭീഷണി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ ദലൈലാമയ്ക്ക് ഓരോ കാലഘട്ടത്തിലും സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
സംബീത് പത്രയ്ക്കും ഇസഡ് കാറ്റഗറി സുരക്ഷ
ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പാത്രയ്ക്കും ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവച്ചതിനെത്തുടർന്ന് മണിപ്പുരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായി പാർട്ടി നിയോഗിച്ചത് സംബിത് പാത്രയെയാണ്.
രണ്ടു വർഷമായി കലാപം തുടരുന്ന സംസ്ഥാനത്തെ സുരക്ഷ വിലയിരുത്തിയാണ് സംബിത് പാത്രയുടെ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.