156 വർഷത്തെ പാരന്പര്യമുള്ള ടാറ്റ ഗ്രൂപ്പ്
Friday, October 11, 2024 3:01 AM IST
ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന ടാറ്റാ ഗ്രൂപ്പിന് 156 വർഷത്തെ പ്രവർത്തനപാരന്പര്യമുണ്ട്. 1868ൽ പ്രവർത്തനം ആരംഭിച്ച ടാറ്റാ ഗ്രൂപ്പിന്റെ സാരഥി ജംഷെഡ്ജി ടാറ്റയായിരുന്നു. രാജ്യത്ത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 10 മേഖലകളിലായി 30 കന്പനികളാണുള്ളത്.
നൂറിലധികം രാജ്യങ്ങളിലാണ് ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളത്. ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള വിവിധ കന്പനികളുടെ പ്രവർത്തനം സ്വതന്ത്രമാണ്. നിർദേശങ്ങൾ നൽകുക മാത്രമാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചുമതല.
വാഹനവിപണി, കെമിക്കൽസ്, പ്രതിരോധം, ഇലക്ട്രോണിക്സ്, ആഭരണം, വീട്ടുപകരണങ്ങൾ, സ്റ്റീൽ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണി മേഖലയിലെ കുത്തകയാണ് ടാറ്റാ ഗ്രൂപ്പ്. എയർലൈൻ, എയ്റോസ്പെയ്സ്, ട്രാവൽ ആൻഡ് ടൂറിസം, സാന്പത്തിക മേഖല, ആശുപത്രി, ഹോട്ടൽ, ഇൻഫർമേഷൻ, ടെക്നോളജി, റിയൽ എസ്റ്റേറ്റ്, ഇ-കൊമേഴ്സ്, ടെലികമ്യൂണിക്കേഷൻ തുടങ്ങി നിരവധി സർവീസുകളും കന്പനി നൽകുന്നുണ്ട്. ലോകവിപണിയിൽ ഉത്പന്നങ്ങളും സർവീസുകളുമായി എതിരാളികൾക്ക് പിടികൊടുക്കാതെയുള്ള മുന്നേറ്റമാണ് ടാറ്റയുടെ സാമ്രാജ്യം.
29 കന്പനികളാണ് ടാറ്റ ഗ്രൂപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന് തുടക്കം കുറിച്ച ജംഷെഡ്ജി ടാറ്റയടക്കം ഏഴ് ചെയർമാൻമാരാണ് ഗ്രൂപ്പിനെ ഇതുവരെ നയിച്ചത്.
അന്തരിച്ച രത്തൻ നവൽ ടാറ്റ 1991-2012 കാലഘട്ടത്തിൽ ടാറ്റാ ഗ്രൂപ്പ് ആൻഡ് ടാറ്റാ സണ്‍സിന്റെ ചെയർമാനായിരുന്നു. 2016-17 കാലഘട്ടത്തിലും നേതൃത്വം വഹിച്ചു. നടരാജൻ ചന്ദ്രശേഖരനാണ് നിലവിൽ സ്ഥാപനത്തിന്റെ ചെയർമാൻ.
2017 ഫെബ്രുവരിയിൽ നടരാജൻ ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ടാറ്റ സണ്‍സ് പബ്ലിക് ലിമിറ്റഡ് കന്പനിയിൽനിന്ന് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയായി ചുവടു മാറുന്നത്.
2024 ഓഗസ്റ്റിലെ കണക്ക് പ്രകാരം 403 ബില്യണ്‍ യുഎസ് ഡോളറാണ് കന്പനിയുടെ ആസ്തി. 2023-24 സാന്പത്തികവർഷം കന്പനിയുടെ മൊത്തം വരുമാനം 165 മില്യൻ ഡോളറിനു മുകളിലുമാണ്.