ബിജെപിയെ ഹാട്രിക് വിജയത്തിലേക്കു നയിച്ച് സെയ്നി
Wednesday, October 9, 2024 2:06 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ ബിജെപിയെ ഹാട്രിക് വിജയത്തിലേക്കു നയിച്ച് മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി. എക്സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം തള്ളിയ സെയ്നി ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നു.
മനോഹർ ലാൽ ഖട്ടറിനെ നീക്കി അതത്രയൊന്നും അറിയപ്പെടാത്ത സെയ്നിയെ മുഖ്യമന്ത്രിയാക്കിയത് ഏവരെയും അന്പരിപ്പിച്ചിരുന്നു. തുടർച്ചയായി ഒന്പതര വർഷം അധികാരത്തിലിരുന്ന ഖട്ടർ സർക്കാർ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്ന സമയത്തായിരുന്നു, ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന സെയ്നിയെ മുഖ്യമന്ത്രിയാക്കിയത്.
കർഷകസമരം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി, വിലയക്കയറ്റം എന്നിങ്ങനെ സർക്കാരിനു തലവേദനയായ നിരവധി പ്രശ്നങ്ങളുള്ള സമയമായിരുന്നു അത്. മാർച്ചിൽ സെയ്നി മുഖ്യമന്ത്രിപദമേറ്റ് ദിവസങ്ങൾക്കകം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കുറഞ്ഞസമയത്തിനുള്ളിൽ നിരവധി ജനപ്രിയ തീരുമാനങ്ങളെടുക്കാൻ സെയ്നി മന്ത്രിസഭയ്ക്കു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ അഞ്ചു സീറ്റ് നേടാൻ ബിജെപിക്കു കഴിഞ്ഞു.
കോൺഗ്രസിനും അഞ്ചു സീറ്റ് ലഭിച്ചു. ക്ലീൻ ഇമേജുള്ള ഒബിസി നേതാവെന്ന സെയ്നിയുടെ പ്രതിച്ഛായ വോട്ടാക്കാൻ ബിജെപിക്കു കഴിഞ്ഞു. കോൺഗ്രസ് ജാട്ടുവോട്ടുകളെ ആശ്രയിച്ചപ്പോൾ ജാട്ട് ഇതര വോട്ടുകളെല്ലാം പെട്ടിയിലാക്കാൻ ബിജെപി ശ്രമിച്ചു.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ലാഡ്വയിലാണ് സെയ്നി മത്സരിച്ചു വിജയിച്ചത്. കോൺഗ്രസിലെ മേവാ സിംഗിനെ 16,054 വോട്ടിനു തോൽപ്പിച്ചു. അധികാരത്തിലെത്തിയാൽ സെയ്നിതന്നെ മുഖ്യമന്ത്രിയെന്ന് പ്രചാരണത്തിനിടെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. അനിൽ വിജിനെപ്പോലെയുള്ള പ്രബലർ മുഖ്യമന്ത്രിസ്ഥാനം നോട്ടമിടുന്നുണ്ടെങ്കിലും സെയ്നിയിലാണു ബിജെപിക്കു വിശ്വാസം.
1970 ജനുവരി 25ന് അംബാലയിലെ മിർസാപുർ മജ്റ ഗ്രാമത്തിൽ ജനിച്ച നായബ് സിംഗ് സെയ്നി 2014-2019 കാലത്ത് മനോഹർ ലാൽ ഖട്ടർ മന്ത്രിസഭയിൽ അംഗമായിരുന്നു. 2019ൽ കുരുക്ഷേത്രയിൽനിന്നു ലോക്സഭാംഗമായി. 2023 ഒക്ടോബറിൽ ബിജെപി സംസ്ഥാന അധ്യക്ഷനായി.