ഹരിയാനയിൽ കാലിടറി; ജമ്മു കാഷ്മീരിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി
Wednesday, October 9, 2024 2:06 AM IST
ന്യൂഡൽഹി: ഹരിയാനയിൽ മത്സരിച്ച 89 സീറ്റുകളിൽ ഒന്നിൽപ്പോലും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ജമ്മു കാഷ്മീരിൽ ഒരു സീറ്റ് നേടാനായത് എഎപിക്കു നേട്ടമായി.
ബിജെപിയെയും നാഷണൽ കോണ്‍ഫറൻസ്-കോൺഗ്രസ് സഖ്യത്തെയും പിന്തള്ളി ദോഡ സീറ്റിലാണ് ആം ആദ്മി പാർട്ടി ചരിത്രത്തിലാദ്യമായി ജമ്മു കാഷ്മീരിൽ അക്കൗണ്ട് തുറന്നത്.
എഎപി സ്ഥാനാർഥി മെഹ്റാജ് മാലിക് 4538 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു മണ്ഡലത്തിൽ വിജയം കൊയ്തത്.
2014ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ഇവിടെ വിജയിച്ചത്. എഎപി അക്കൗണ്ട് തുറക്കുന്ന അഞ്ചാമത്തെ നിയമസഭയാണ് ജമ്മു കാഷ്മീർ.
പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഭരിക്കുന്ന എഎപിക്ക് ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ എംഎൽഎമാരുണ്ട്. ദോഡ സീറ്റിൽ വിജയിച്ച മെഹ്റാജിനെ പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ അഭിനന്ദിച്ചു.