എയർഷോ: മരണം അഞ്ച് ആയി
Tuesday, October 8, 2024 2:47 AM IST
ചെന്നൈ: വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായി ചെന്നൈ മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയവരിൽ അഞ്ചുപേർ കൊടുംചൂടിൽ തളർന്നുവീണു മരിച്ച സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി. നിർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു.
ചൂടും നിർജലീകരണവുമാണ് മരണകാരണമെന്ന് ചെന്നൈ മേയർ ആർ. പ്രിയയും വ്യക്തമാക്കി. ആംബുലൻസും മെഡിക്കൽ സംഘവും ഉൾപ്പെടെ വേദിയിൽ ഒരുക്കിയിരുന്നു.
കനത്ത തിരക്കും കൊടുംചൂടും മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ട നൂറോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ ഉൾപ്പെടെ പ്രമുഖർ എയർഷോ കാണാനെത്തിയിരുന്നു.
13 ലക്ഷത്തിലേറെപ്പേരാണ് എയർ ഷോ കാണാൻ മറീനയിലേക്ക് ഒഴുകിയെത്തിയത്. അതേസമയം, പ്രതിപക്ഷകക്ഷികളും മാധ്യമങ്ങളും സർക്കാരിനെ രൂക്ഷമായാണു വിമർശിക്കുന്നത്. മതിയായ സുരക്ഷയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അവർ ആരോപിച്ചു.