മരിച്ചയാളുടെ ബീജം മാതാപിതാക്കൾക്കു കൈമാറാൻ ഉത്തരവ്
Sunday, October 6, 2024 2:13 AM IST
ന്യൂഡൽഹി: മരിച്ച മകന്റെ ബീജം മാതാപിതാക്കൾക്കു കൈമാറാൻ ആശുപത്രി അധികൃതരോട് ഡൽഹി ഹൈക്കോടതിയുടെ നിർദേശം.
അർബുദ രോഗം ബാധിച്ചു മരിച്ച മകന്റെ ബീജം പ്രത്യുത്പാദനത്തിനായി കൈമാറണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജിയിലാണു ഹൈക്കോടതി നിർദേശം.
മരിച്ചയാളുടെ ശീതീകരിച്ച ബീജം കൈമാറുന്നതു സംബന്ധിച്ച് നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ആശുപത്രി അധികൃതർ ബീജം നൽകാൻ വിസമ്മതിച്ചിരുന്നു. എന്നാൽ മരിച്ചയാളുടെ അനുമതിയുണ്ടെങ്കിൽ മരണത്തിനു ശേഷവും കുട്ടികൾക്ക് ജന്മം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിൽ വിലക്കൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
2020 സെപ്റ്റംബറിൽ മരിച്ച മുപ്പതുകാരനായ മകന്റെ കുട്ടിയെ വളർത്താൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചാണു മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.
അർബുദചികിത്സ പുരോഗമിക്കുന്നതിനിടയിൽ യുവാവ് തന്റെ ബീജം ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ശീതീകരിച്ചു സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു.
തന്റെ ബീജമുപയോഗിച്ചുള്ള പ്രത്യുത്പാദനത്തിനു മരിച്ചയാൾ അനുമതി നൽകിയിരുന്നത് കോടതി ചൂണ്ടിക്കാട്ടി.