തിരുപ്പതി ലഡു വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘം
സ്വന്തം ലേഖകൻ
Saturday, October 5, 2024 5:26 AM IST
ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡു നിർമാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായുള്ള വിവാദത്തിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. സിബിഐയിൽനിന്നും ആന്ധ്രാപ്രദേശ് പോലീസിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ വീതവും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്ഐഎ) ഒരു മുതിർന്ന ഉദ്യോഗസ്ഥനും അടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാനാണു കോടതി ഉത്തരവ്.
സിബിഐയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. കോടിക്കണക്കിനു ഭക്തരുടെ വിശ്വാസപ്രശ്നമാണിതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു തീരുമാനം. ലഡു നിർമിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നുവെന്നാരോപിച്ചുള്ള നാലു ഹർജികളാണ് കോടതി പരിഗണിച്ചത്. നിലവിൽ ആന്ധ്ര സർക്കാർ രൂപവത്കരിച്ച പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.