ജയിൽചട്ടം പരിഷ്കരിക്കണം: സുപ്രീംകോടതി
സ്വന്തം ലേഖകൻ
Friday, October 4, 2024 4:11 AM IST
ന്യൂഡൽഹി: ജയിലുകളിൽ ദീർഘകാലമായി നിലനിന്നിരുന്ന ജാതിവിവേചനത്തിനു തടയിട്ട് സുപ്രീംകോടതി. ജാതിവിവേചനം നിലനിൽക്കുന്ന എല്ലാ വകുപ്പുകളും നീക്കം ചെയ്യണമെന്നും ജയിൽ ചട്ടങ്ങൾ മൂന്നു മാസത്തിനകം പരിഷ്കരിക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും സുപ്രീംകോടതി ഉത്തരവിട്ടു. ജയിലുകളിലെ ജാതി വിവേചനം ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
ഉത്തർപ്രദേശ്, കേരളം, പശ്ചിമബംഗാൾ തുടങ്ങി പത്തിലധികം സംസ്ഥാനങ്ങളിൽ ജാതി അടിസ്ഥാനത്തിൽ തൊഴിൽ നൽകണമെന്ന വ്യവസ്ഥ ജയിൽ ചട്ടങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക സുകന്യ ശാന്തയാണു ഹർജി നൽകിയത്. പിന്നാക്കജാതിക്കാർക്ക് ശുചീകരണജോലികളും ഉയർന്ന ജാതിയിൽപ്പെട്ടവർക്കു പാചകം പോലെയുള്ള ജോലികളും ജയിലുകളിൽ നൽകുന്നത് ജാതി വിവേചനവും ആർട്ടിക്കിൾ 15ന്റെ ലംഘനവുമാണെന്ന് കോടതി വ്യക്തമാക്കി. ജയിലുകളിൽ ജാതി വിവേചനം തുടരുകയാണെങ്കിൽ അതത് സംസ്ഥാനങ്ങളെ ഉത്തരവാദികളായി കണക്കാക്കുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
ജയിൽ രജിസ്റ്ററിലെ ജാതിക്കോളം നിർബന്ധമായും ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജാതിയടിസ്ഥാനത്തിൽ തടവുകാർക്ക് ജോലി വിഭജിച്ചു നൽകുന്നത് വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. തടവുകാരോട് അന്തസില്ലാതെ പെരുമാറുന്നത് കൊളോണിയൽ പാരന്പര്യമാണെന്നും അതു നിർത്തലാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ജയിലുകളിൽ തുടരുന്ന ജാതിവിവേചനം തടയാൻ മാർഗനിർദേശങ്ങളും കോടതി പുറത്തിറക്കി.