ഐസിപിഎ ദേശീയ സമ്മേളനം ഇന്നു സമാപിക്കും
Thursday, October 3, 2024 1:21 AM IST
മംഗളൂരു: രാഷ്ട്രീയക്കാരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങളുണ്ടെന്നും മാധ്യമങ്ങളുടെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ മറ്റാരും ഉണ്ടായെന്നു വരില്ലെന്നും അതിനാല്‍ മാധ്യമങ്ങളുടെ തെറ്റ് സമൂഹത്തിനു ദുരന്തമാകുമെന്നും കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന് (ഐസിപിഎ) സംഘടിപ്പിച്ച 29ാമത് ദേശീയ ക്രൈസ്തവ മാധ്യമപ്രവര്‍ത്തക സമ്മേളനത്തില്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യമാധ്യമ രംഗത്തെ സംഭാവനകള്‍ക്കുള്ള ജെയിംസ് അല്ബേരിയാണെ അവാര്‍ഡ് ചലച്ചിത്രകാരനായ ഡോ. ഷെയ്സണ്‍ പി.ഔസേഫ്, മികച്ച എഴുത്തുകാര്‍ക്കുള്ള ജെ. മാവുരൂസ് അവാര്‍ഡ് വിനായക് നിര്‍മല്‍, മികച്ച ക്രിസ്ത്യന്‍ മാധ്യമത്തിനുള്ള ലൂയിസ് കരേനോ അവാര്‍ഡ് ചെന്നൈയില്‍നിന്നുള്ള ന്യൂ ലീഡര്‍ മാസികയ്ക്കുവേണ്ടി എഡിറ്റര്‍ ഫാ. ആന്റണി പാന്‍ക്രാസ് എന്നിവര്‍ യു.ടി.ഖാദറില്‍നിന്ന് ഏറ്റുവാങ്ങി.
‘ഗാന്ധിയന്‍ പത്രപ്രവര്‍ത്തനം’ എന്ന പ്രമേയത്തെക്കുറിച്ചു നടത്തിയ പാനല്‍ ചര്‍ച്ചയില്‍ കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് നാഗ് മോഹന്‍ ദാസ് മുഖ്യപ്രഭാഷണം നടത്തി. അക്രമമുണ്ടെങ്കില് സമാധാനമോ സമാധാനമില്ലെങ്കില്‍ പുരോഗതിയോ പുരോഗതിയില്ലെങ്കില്‍ സന്തോഷമോ ഉണ്ടാകില്ലെന്ന് ജസ്റ്റീസ് പറഞ്ഞു.
കന്നട ഡെവലപ്മെന്റ് അഥോറിറ്റി ചെയര്മാന് ഡോ. പുരുഷോത്തം ബിലിമാലെ, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ. എച്ച്.എസ്. അനുപമ, ഫാ. സെട്രിക് പ്രകാശ് ടഖ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോഷാന്‍ റോഡ്രിഗ്സ് മോഡറേറ്ററായിരുന്നു.
നേരത്തെ, സമ്മേളനം മംഗളൂരു ബിഷപ് ഡോ. പീറ്റര്‍ പോള്‍ സല്‍ദാന ഉദ്ഘാടനം ചെയ്തു. സത്യം കണ്ടെത്താൻ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് ബിഷപ് പറഞ്ഞു.
ഐസിപിഎ പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു. ഐസിപിഎ എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസര്‍ ബിഷപ് ഡോ.ഹെൻറി ഡിസൂസ, സിബിസിഐ മാധ്യമ കമ്മീഷന് സെക്രട്ടറി ഫാ. ബിജു ആലപ്പാട്ട്, ഐസിപിഎ സെക്രട്ടറി ഫാ.സുരേഷ് മാത്യു, രക്നോ എഡിറ്റര്‍ ഫാ. രൂപേഷ് മാഡ്ത തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.