ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 2000 കോടി വിലമതിക്കുന്ന 500 കിലോ മയക്കുമരുന്ന് പിടികൂടി
Thursday, October 3, 2024 1:21 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ മയക്കുമരുന്നുവേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ മയക്കുമരുന്നുമായി നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡൽഹിയിലെ മെഹ്റോലിയിൽ നടത്തിയ റെയ്ഡിലാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തിയ ട്രക്കിൽ വൻ മയക്കുമരുന്ന് ശേഖരം പോലീസ് കണ്ടെത്തിയത്.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഡൽഹി പോലീസ് സ്പെഷൽ സെല്ലിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്നത്. ഡൽഹിയിലും സമീപ നഗരങ്ങളിലും നടക്കുന്ന വലിയ പാർട്ടികൾക്കും മറ്റും വിൽക്കാനായിരുന്നു മയക്കുമരുന്ന് എത്തിച്ചതെന്നാണു പോലീസിന്റെ നിഗമനം. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. രണ്ടു മാസമായി സംഘത്തെ പോലീസിന്റെ പ്രത്യേക വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച തിലക് നഗർ ഭാഗത്തുനിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നും പോലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തിൽ ഹാഷിമി മുഹമ്മദ് വാരിസ്, അബ്ദുൾ നയിബ് എന്നീ അഫ്ഗാൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലത്തെ വൻ മയക്കുമരുന്ന് വേട്ട.