കേരള എക്സ്പ്രസ് അപകടത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു
Wednesday, October 2, 2024 4:10 AM IST
ലളിത്പുർ: തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് ട്രെയിൻ യുപിയിലെ ലളിത്പുർ സ്റ്റേഷനിൽ അപകടത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
കേടായ ട്രാക്കിലൂടെ മുന്നോട്ടുനീങ്ങിയെങ്കിലും എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയുണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. മധ്യപ്രദേശിലെ ബിനയിൽനിന്ന് യുപിയിലെ ഝാൻസിയിലേക്കു വരുന്നതിനിടെ സ്റ്റേഷനുസമീപം നിർത്താൻ തുടങ്ങുന്പോഴാണ് സംഭവം.
ഏതാനും കോച്ചുകൾ കേടായ ട്രാക്കിലൂടെ നീങ്ങിയശേഷമാണു ട്രെയിൻ നിന്നതെന്നു യാത്രക്കാർ പറഞ്ഞു.
ട്രാക്കിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നുണ്ടായിരുന്നു. ചുവപ്പുകൊടി കാണിച്ചതോടെ ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. പിഴവ് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നു റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.