സുപ്രീംകോടതിയുടെ ഇടപെടൽ; ഐഐടി നിഷേധിച്ച സീറ്റ് തിരികെ നേടി ദളിത് വിദ്യാർഥി
Wednesday, October 2, 2024 4:10 AM IST
ന്യൂഡൽഹി: ഫീസടയ്ക്കാൻ വൈകിയതിനെത്തുടർന്ന് ദളിത് വിദ്യാർഥിക്കു സീറ്റ് നിഷേധിച്ച ധൻബാദ് ഐഐടിയുടെ നടപടിയിൽ ഇടപെട്ട് സുപ്രീംകോടതി.
സീറ്റ് നഷ്ടമായ ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശി അതുൽ കുമാറിന് പ്രവേശനം അനുവദിക്കാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇത്രയും കഴിവുള്ള വിദ്യാർഥിയെ കൈയൊഴിയാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
മറ്റൊരു വിദ്യാർഥിയുടെ പ്രവേശനം തടയാതെ അതുലിന് സീറ്റ് നൽകാനാണു കോടതി നിർദേശിച്ചിരിക്കുന്നത്. ഭരണഘടനയിലെ 142ാം വകുപ്പ് അനുസരിച്ചുള്ള അധികാരമുപയോഗിച്ചാണു കോടതി അതുലിന് പ്രവേശനം അനുവദിച്ചത്.
പ്രവേശനഫീസായി 17500 രൂപ അടയ്ക്കാൻ മിനിറ്റുകൾ വൈകിയതിനെത്തുടർന്നാണ് അതുലിന് ധൻബാദ് ഐഐടിയിൽ പ്രവേശനം നഷ്ടപ്പെട്ടത്. തുടർന്ന് പട്ടികജാതി കമ്മീഷനെ സമീപിച്ചെങ്കിലും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി.
പിന്നീട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ സുപ്രീംകോടതിയിൽ വിഷയം ഉന്നയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ച സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ ധൻബാദ് ഐഐടിയോടു പ്രതികരണം തേടിയിരുന്നു.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ വിദ്യാർഥിയുടെ പ്രവേശനം തടയാൻ ഐ ഐടി അഭിഭാഷകൻ ശ്രമിച്ചെങ്കിലും സാധിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശിക്കുകയായിരുന്നു. പല മുതിർന്ന അഭിഭാഷകരും തന്റെ ഫീസ് സ്പോണ്സർ ചെയ്തതായി ഹർജിക്കാരന്റെ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു.
അതുലിന് എല്ലാ ആശംസകളും നേരുന്നതായി ചീഫ് ജസ്റ്റീസും അറിയിച്ചു. 2021ലും സമാന വിഷയത്തിൽ ദളിത് വിദ്യാർഥിക്കു പ്രവേശനം നൽകാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടപെട്ടിരുന്നു.