ഡോക്ടറുടെ കൊലപാതകം: എൻടിഎഫിന്റെ റിപ്പോർട്ട് സമർപ്പിക്കണം
Tuesday, October 1, 2024 4:19 AM IST
ന്യൂഡൽഹി: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ജൂണിയർ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ ദൗത്യസേനയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി നിർദേശിച്ചു.
ആശുപത്രി പരിസരങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിലും സ്ത്രീകൾക്കു പ്രത്യേക ശുചിമുറികൾ വിശ്രമമുറികളും നിർമിക്കുന്നതിലും പശ്ചിമബംഗാൾ സർക്കാർ മന്ദഗതിയിലാണു പോകുന്നതെന്നും കോടതി നിരീക്ഷിച്ചു.
നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനും ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സിബിഐയുടെ ഇടക്കാല അന്വേഷണറിപ്പോർട്ടിൽ പുരോഗതിയുള്ളതായും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഇരയുടെ ചിത്രവും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത് ഒരിക്കലും അനുവദിക്കുന്നതല്ലെന്നും ഇതുസംബന്ധിച്ച് നേരത്തേതന്നെ കർശന നിർദേശം നൽകിയതായും എല്ലാ മാധ്യമങ്ങൾക്കും അതു ബാധകമാണെന്നും ചീഫ് ജസ്റ്റീസ് ഓർമപ്പെടുത്തി. കേസ് 14ന് വീണ്ടും പരിഗണിക്കും.