ബന്ദികളുടെ മോചനത്തിന് ഉപാധികളുമായി കുക്കികൾ
Tuesday, October 1, 2024 4:15 AM IST
ഇംഫാൽ: കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ രണ്ടു യുവാക്കളുടെ മോചനത്തിനു മണിപ്പുരിൽ തിരക്കിട്ട നീക്കങ്ങൾ തുടരുന്നതിനിടെ ഉപാധികളുമായി തീവ്രവാദികൾ.
ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് മണിപ്പുരിലെ പൗരസമൂഹം കുക്കികളോട് അഭ്യർഥിച്ചു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പ്രശ്നം മുൻ മുഖ്യമന്ത്രി ഒ. ഇബോബി സിംഗുമായി ചർച്ച ചെയ്യുകയും ചെയ്തു.
അതേസമയം, ദേശീയ അന്വേഷണസംഘം അറസ്റ്റ് ചെയ്ത സംഘാംഗങ്ങളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നാണ് കുക്കി നേതൃത്വം പറയുന്നത്. തട്ടിക്കൊണ്ടുപോയ യുവാക്കളുടെ വീഡിയോ ദൃശ്യങ്ങൾ കുക്കികൾ പുറത്തുവിടുകയും ചെയ്തു.
മൂന്നു യുവാക്കളെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കുക്കികൾ തട്ടിക്കൊണ്ടുപോയത്. ഏതാനും സമയത്തിനുശേഷം ഒരാളെ കുക്കികൾ മോചിപ്പിച്ചു. സൈനിക റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ പോയ മൂവരും അബദ്ധത്തിൽ കുക്കി മേധാവിത്വമേഖലയിൽ പ്രവേശിച്ചതോടെ ഇവരെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു.
അതിനിടെ സായുധസേനകൾക്കു പ്രത്യേകാധികാരം നൽകുന്ന നിയമം സംസ്ഥാന സർക്കാർ ആറ് മാസത്തേക്കുകൂടി നീട്ടി. 19 പോലീസ് സ്റ്റേഷൻ പരിധികൾക്കു നിയമം ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കി.