ഖാർഗെയുടെ പരാമർശം: വിമർശിച്ച് അമിത് ഷാ
Tuesday, October 1, 2024 4:15 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നു താഴെയിറക്കാതെ താൻ മരിക്കില്ലെന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരേ വിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന് മോദിയോടുള്ള വെറുപ്പും അസ്വാരസ്യവുമാണ് ഖാർഗെയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് അമിത് ഷാ പറഞ്ഞു.
ഖാർഗെയുടെ ആരോഗ്യകാര്യങ്ങളിൽ പോലും പ്രധാനമന്ത്രിയെ വലിച്ചിടുന്നത് അദ്ദേഹത്തോടുള്ള വിദ്വേഷംകൊണ്ടാണെന്ന് അമിത് ഷാ എക്സിൽ കുറ്റപ്പെടുത്തി.
ഖാർഗെയുടെ ആയുരാരോഗ്യത്തിനുവേണ്ടി മോദിയും താനുമടക്കം എല്ലാവരും പ്രാർഥിക്കുന്നുണ്ടെന്നും 2047ൽ വികസിതഭാരതം യാഥാർഥ്യമാകുന്നതുവരെ അദ്ദേഹം ജീവിച്ചിരിക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു.
മോദിയോടുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഒരവസരവും കോണ്‍ഗ്രസിന്റെ നേതാക്കൾ പാഴാക്കാറില്ലെന്നു ധനമന്ത്രി നിർമല സീതാരാമനും തുറന്നടിച്ചു.
ബിജെപിയുടെ വിമർശനങ്ങൾക്കു പിന്നാലെ പ്രസ്താവനയുമായി ഖാർഗെ രംഗത്തെത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരും ജാതി സെൻസസും പോലുള്ള കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
ജമ്മു-കാഷ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്നാണു മോദിയെ താഴെയിറക്കാതെ താൻ മരിക്കില്ലെന്ന് ഖാർഗെ പരാമർശം നടത്തിയത്.