ഇലക്ടറൽ ബോണ്ട് ക്രമക്കേട്: നിർമല സീതാരാമനെതിരേയുള്ള അന്വേഷണത്തിനു സ്റ്റേ
Tuesday, October 1, 2024 4:15 AM IST
ബംഗളുരു: ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനും മറ്റ് അഞ്ചു പേർക്കുമെതിരേയുള്ള അന്വേഷണം കർണാടക ഹൈക്കോടതി സ്റ്റേചെയ്തു.
കേസിൽ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേയുള്ള നടപടി ചോദ്യംചെയ്ത് ബിജെപി നേതാവ് നളിൻകുമാർ കട്ടീൽ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എം. നാഗപ്രസന്നയുടെ ഇടക്കാല ഉത്തരവ്. ഈ മാസം 22നു കേസിൽ കോടതി വീണ്ടും വാദം കേൾക്കും.
കേന്ദ്രമന്ത്രിക്കു പുറമേ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ഉൾപ്പെടെയാണു പ്രതിസ്ഥാനത്തുള്ളത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരു പ്രത്യേക കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർക്കെതിരേ പോലീസ് കേസെടുത്തത്.
ഇലക്ടറൽ ബോണ്ടിലൂടെ 8000 കോടിയിലേറെ രൂപ തട്ടിയെന്നാരോപിച്ച് ജനാധികാര സംഘർഷ പരിഷത്തിന്റെ (ജെഎസ്പി) സഹ അധ്യക്ഷൻ ആദർശ് ആർ. അയ്യർ നൽകിയ പരാതിയിലാണു ബംഗളൂരു തിലക് നഗർ പോലീസ് കേസെടുത്തത്.