കേജരിവാൾ ഗുരു, ബഡാ ഭായ്; ബിജെപി ഗൂഢാലോചന: അതിഷി
Wednesday, September 18, 2024 1:57 AM IST
ന്യൂഡൽഹി: ഗുരുവും മുതിർന്ന സഹോദരനുമായ (ബഡാ ഭായ്) അരവിന്ദ് കേജരിവാളിനെ ഡൽഹി മുഖ്യമന്ത്രിയായി ജനങ്ങൾ തെരഞ്ഞെടുക്കുന്നതു വരെയാകും താൻ ഡൽഹിയുടെ കാര്യം നോക്കുകയെന്ന് നിയുക്ത മുഖ്യമന്ത്രി അതിഷി.
കേജരിവാൾ മുഖ്യമന്ത്രി പദം ഒഴിയുന്നതിൽ ദുഃഖിതയാണെന്നും ബിജെപിയുടെ ജനവിരുദ്ധ നടപടികളാണു കാരണമെന്നും അതിഷി പറഞ്ഞു.
ഡൽഹിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് കേജരിവാൾ. കേജരിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന് ഡൽഹിയിലെ ജനങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു. ഡൽഹിയിലെ രണ്ടു കോടി ജനങ്ങൾക്ക് അദ്ദേഹം ധാരാളം കാര്യങ്ങൾ ചെയ്തു.
സൗജന്യ വൈദ്യുതി, വെള്ളം, ബസ് യാത്ര എന്നിവ കൂടാതെ മറ്റു പലതും നൽകിയിട്ടുണ്ട്. 22 സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി ജനങ്ങൾക്കൊന്നും നൽകിയില്ല. മുഖ്യമന്ത്രിയായി തുടരാമെന്ന സുപ്രീം കോടതിയുടെ തീരുമാനം മാത്രം പോരെന്നാണ് കേജരിവാൾ പറഞ്ഞത്. കേജരിവാൾ രാജി സമർപ്പിച്ചു. പാർട്ടിക്കും ഡൽഹിയിലെ ജനങ്ങൾക്കും വൈകാരിക നിമിഷമാണിതെന്ന് അതിഷി പറഞ്ഞു.
തന്നിൽ വിശ്വാസം അർപ്പിച്ചതിനു ഗുരുവിന് നന്ദി പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിൽ ആയിരുന്നെങ്കിൽ മത്സരിക്കാൻ പോലും സീറ്റു കിട്ടുമായിരുന്നില്ല. കേജരിവാളാണ് തന്നെ എംഎൽഎയും മന്ത്രിയും ഇപ്പോൾ മുഖ്യമന്ത്രിയും ആക്കിയത്. എങ്കിലും ഡൽഹിക്ക് ഒരേയൊരു മുഖ്യമന്ത്രിയേ ഉള്ളൂവെന്നും അത് കേജരിവാൾ ആണെന്നും എഎപി എംഎൽഎമാരെ സാക്ഷിയാക്കി താൻ പറയുന്നുവെന്നും അതിഷി കൂട്ടിച്ചേർത്തു.
കേജരിവാളിനെതിരേ ബിജെപി ഗൂഢാലോചന നടത്തി. രണ്ടു വർഷത്തിലേറെയായി അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെ ഇതിനായി കേന്ദ്രസർക്കാർ ഉപയോഗിച്ചു. വ്യാജ കേസുണ്ടാക്കി ആറു മാസം ജയിലിലടച്ചു.
സുപ്രീംകോടതിക്ക് സത്യം മനസിലായതിനാലാണു ജാമ്യം അനുവദിച്ചത്. ഐആർഎസ് ജോലി ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ടയാളാണ്. ജനങ്ങളാണ് കേജരിവാളിനെ മുഖ്യമന്ത്രിയാക്കിയത്. അത്തരമൊരു നേതാവിനെതിരേയാണ് വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതെന്നും അതിഷി പറഞ്ഞു.