മുല്ലപ്പെരിയാർ: സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡീൻ
Tuesday, September 17, 2024 1:49 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ പരിധിയിൽ കൊണ്ടുവരാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി.
മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധന നടത്തണമെന്നും സുപ്രീം കോടതി നിർദേശമനുസരിച്ച് ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ പരിധിയിലേക്ക് മുല്ലപ്പെരിയാർ കൊണ്ടുവരണമെന്നും ഡീൻ കുര്യാക്കോസ് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, മുല്ലപ്പെരിയാർ സുരക്ഷിതമാണെന്നു സൂപ്പർവൈസറി കമ്മിറ്റി അറിയിച്ചതായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ ഡീൻ കുര്യാക്കോസ് എംപിക്കു മറുപടി നൽകി. മുല്ലപ്പെരിയാർ ഡാം സന്ദർശനവും അവസാനത്തെ സൈറ്റ് പരിശോധനയും നടന്നത് 2024 ജൂണ്‍ 13നാണ്.
2012ൽ എംപവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടതും ആ റിപ്പോർട്ടിൽ ഡാം ഹൈഡ്രോളജിക്കലായും ഘടനാപരമായും സീസ്മിക്കലായും സുരക്ഷിതമാണെന്നു സൂചിപ്പിച്ചതും മന്ത്രിയുടെ മറുപടിയിലുണ്ട്.
2022 ഏപ്രിൽ എട്ടിന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവനുസരിച്ച് സൂപ്പർവൈസറി കമ്മിറ്റി ശക്തിപ്പെടുത്തിയിട്ടുണ്ട്. സൂപ്പർവൈസറി കമ്മിറ്റിയാണു മുല്ലപ്പെരിയാറിന്റെ സുരക്ഷയെ സംബന്ധിച്ച എല്ലാ വിഷയങ്ങളും പരിഗണിക്കുന്നതെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
എന്നാൽ, കമ്മിറ്റിയുടെ കണ്ടെത്തൽ ഖേദകരമാണെന്നും ഉടൻതന്നെ മുല്ലപ്പെരിയാറിനെ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയിൽ ലയിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.