സീതാറാം യെച്ചൂരിക്കു രാജ്യത്തിന്റെ വിട
Sunday, September 15, 2024 2:27 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും ശക്തനായ നേതാവും സിപിഎം ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിക്ക് രാജ്യം വിട നൽകി. ദേശീയനേതാക്കളടക്കം വൻ ജനാവലിയുടെ ആദരാഞ്ജലിക്കുശേഷം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറി.
കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധി, എൻസിപി നേതാവ് ശരത് പവാർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ, സമാജ്വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, രാം ഗോപാൽ യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, കോണ്ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, പി. ചിദംബരം, ജയ്റാം രമേശ്, രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ്, അജയ് മാക്കൻ, ഡിഎംകെ നേതാക്കളായ കനിമൊഴി, ഉദയനിധി സ്റ്റാലിൻ, സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി, ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ എന്നിവരടക്കം നേതാക്കളുടെ വൻനിര എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെതൽവാദ്, യോഗേന്ദ്ര യാദവ്, ജി.എൻ. സായി ബാബ, മുതിർന്ന പത്രപ്രവർത്തകർ തുടങ്ങിയവരും പുഷ്പാഞ്ജലി അർപ്പിച്ചു.
പ്രധാനമന്ത്രിക്കുവേണ്ടി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ പ്രമുഖർ വെള്ളിയാഴ്ച രാത്രി യെച്ചൂരിയുടെ ദക്ഷിണഡൽഹിയിലെ വസന്ത് കുഞ്ജിലെ വസതിയിലെത്തി അനുശോചനം അറിയിച്ചു.
വിദേശത്തായതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്നലെ എത്താനായില്ലെന്നും നേരത്തേ എയിംസ് ആശുപത്രിയിൽ ചെന്നു രോഗവിവരം അന്വേഷിച്ചിരുന്നുവെന്നും കോണ്ഗ്രസ് നേതാക്കൾ അറിയിച്ചു.
പുതിയ ജനറൽ സെക്രട്ടറി; തീരുമാനം ഉടൻ
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല ആർക്കെന്ന് വൈകാതെ തീരുമാനിക്കും. അടുത്തവർഷം ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോണ്ഗ്രസ് വരെയാകും താത്കാലിക ചുമതല.
പ്രായപരിധി കഴിഞ്ഞെങ്കിലും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ഭാര്യ വൃന്ദ കാരാട്ട് എന്നിവരിലൊരാളെയോ എം.എ. ബേബി, മണിക് സർക്കാർ എന്നിവരിലൊരാളെയോ ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതലയിലേക്ക് പിബി നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പിബിയുടെ നിർദേശം പരിഗണിച്ച് പിന്നീട് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് അന്തിമതീരുമാനമെടുക്കുക.