ഗുജറാത്തിൽ ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ അപകടം; എട്ടുപേർ മരിച്ചു
Sunday, September 15, 2024 2:27 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേർ മുങ്ങി മരിച്ചു.
വാസനാ സോഗ്ത ഗ്രാമത്തിൽനിന്നുള്ളവരാണ് ഗാന്ധിനഗറിലെ മേസ്വോ നദിയിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തിൽപ്പെട്ടത്. വിഗ്രഹം ഒഴുക്കുന്നതിനായി നദിയിൽ ഇറങ്ങിയവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഏതാനും പേർക്കു പരിക്കേറ്റു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽനിന്നാണ് സഹായം അനുവദിക്കുക. മരിച്ചവരുടെ സംസ്കാരം ശനിയാഴ്ച നടത്തി. ഹസ്മുഖ് പട്ടേൽ എംപി, എംഎൽഎ ബൽരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു.