വിവാദ പരാമർശവുമായി മധ്യപ്രദേശ് മന്ത്രി ; അമേരിക്ക കണ്ടെത്തിയത് ഇന്ത്യൻ നാവികനായ വസുലൂൻ!
Thursday, September 12, 2024 4:18 AM IST
ഭോപ്പാൽ: അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫർ കൊളംബസ് അല്ല ഇന്ത്യൻ നാവികനായ വസുലൂൻ ആണെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പാർമർ. ബർകത്തുള്ള യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പരാമർശം.
ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയത് പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമയല്ലെന്നും ഗുജറാത്തിലെ വ്യാപാരി ചന്ദൻ ആണെന്നും പാർമർ പറഞ്ഞു. ചരിത്രകാരന്മാർ ഇന്ത്യയിലേക്കുള്ള കടൽപ്പാത കണ്ടെത്തിയത് വാസ്കോഡ ഗാമയാണെന്ന് വിദ്യാർഥികളെ തെറ്റായി പഠിപ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
""വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയിരുന്നില്ല, അദ്ദേഹത്തിന്റെ കപ്പലിനേക്കാൾ മൂന്നോ നാലോ മടങ്ങ് വലുപ്പമുള്ള കപ്പലുണ്ടായിരുന്ന ചന്ദൻ എന്ന ഇന്ത്യൻ കടൽവ്യാപാരിയെ പിന്തുടരുക മാത്രമാണു ഗാമ ചെയ്തത്.
കൊളംബസാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന കാര്യം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടേ യാതൊരു ആവശ്യവുമില്ലായിരുന്നു’’- മന്ത്രി പറഞ്ഞു.